പശുക്കിടാവ് കിണറ്റിൽ വീണു, പിന്നാലെ രക്ഷിക്കാൻ ഇറങ്ങിയ 68 കാരനും കുടുങ്ങി ; ഇരുവർക്കും രക്ഷകനായി തിരുവല്ലയിലെ അഗ്നിരക്ഷാ സേന

10:54 AM Aug 22, 2025 |


തിരുവല്ല : കിണറ്റിൽ വീണ പശുക്കിടാവിനെയും രക്ഷിക്കാൻ ഇറങ്ങിയ 68 കാരനെയും അഗ്നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. പുറമറ്റം വടക്കേടത്ത് വീട്ടിൽ ശിവ സുബ്രഹ്മണ്യത്തിന്റെ വീട്ടുവളപ്പിലെ 30 അടിയോളം താഴ്ചയുള്ള കിണറിന്റെ ഇരുമ്പ് മൂടിയ്ക്ക് ഇടയിലൂടെ 12 അടിയോളം വെള്ളമുള്ള കിണറ്റിലേക്ക് വീണ പശുക്കിടാവിനും രക്ഷകനായി കിണറ്റിൽ ഇറങ്ങിയ കുമ്പളാം പൊയ്കയിൽ രാജനുമാണ് അഗ്നി രക്ഷാസേന രക്ഷകരായത്. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം. 

ശിവ സുബ്രഹ്മണ്യം വളർത്തുന്ന രണ്ടര വയസ്സ് പ്രായം വരുന്ന പശുക്കിടാവാണ് വീട്ടുവളപ്പിലെ കിണറ്റിൽ വീണത്. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ രാജൻ പശുക്കിടാവിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങുകയായിരുന്നു. ആഴം ഏറെയുള്ള കിണറ്റിൽ ഇറങ്ങിയ രാജന് ജീവവായു ലഭിക്കാതെ വന്നതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സംഭവം അറിഞ്ഞ് എത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം ശോശാമ്മ ജോസഫ് തിരുവല്ല അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചു. 

തുടർന്ന് സ്ഥലത്ത് എത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ സതീഷ് കുമാർ, ഫയർ റെസ്ക്യൂ ഓഫിസറന്മാരായ രഞ്ജിത് കുമാർ, എസ് മുകേഷ്, വിപിൻ, കെ വി വിഷ്ണു, ആകാശ് തോമസ്, ഹോം ഗാർഡ് അനിൽ എന്നിവർ ചേർന്ന് ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ കയർ പിടിച്ച് കിടക്കുകയായിരുന്ന രാജനെയും പശു കിടാവിനെയും കിണറിന് പുറത്ത് എത്തിക്കുകയായിരുന്നു.