കൊച്ചി: ആലുവ ദേശീയ പാതയോരത്ത് കൊച്ചി മെട്രോയുടെ പില്ലറുകൾക്ക് താഴെ കഞ്ചാവ് ചെടികൾ കണ്ടെത്തി. എക്‌സൈസിന്റെ നേതൃത്വത്തിലാണ് ചെടി കണ്ടെത്തിയത്. മറ്റൊരു ചെടിക്കൊപ്പം 63 സെന്റീമീറ്ററോളം ഉയരത്തിൽ ചെടി വളർന്നിരുന്നു. രഹസ്യ വിഭാഗത്തിന് ലഭിച്ച അറിയിപ്പിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ ചെടികൾ കണ്ടെത്തിയതെന്ന് എക്‌സൈസ് സി ഐ അഭിദാസ് പറഞ്ഞു.
ആലുവ മെട്രോ പില്ലർ 87 ന് താഴെ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പുല്ലുകൾക്കിടയിലാണ് കഞ്ചാവ് ചെടി വളർന്നിട്ടുള്ളത്. ആരാണ് നട്ടു വളർത്തിയതെന്നത് സംബന്ധിച്ച് അന്വേഷിച്ച് വരികയാണ്. ആരെങ്കിലും കഞ്ചാവ് ഉപയോഗിച്ച് വലിച്ചെറിഞ്ഞത് മുളച്ചതാണോ എന്നും അന്വേഷണം നടക്കുന്നുണ്ടെന്നും എക്‌സൈസ് സിഐ അഭിദാസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴച്ചക്കാലമായി ഓപ്പറേഷൻ ക്ലീൻ സൈറ്റ് എന്ന പ്രവർത്തനം നടന്നു വരികയാണെന്നും അതിന്റെ ഭാഗമാണ് തെരച്ചിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.