കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിലേക്ക് ലഹരിയെത്തിച്ച രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാരിൽ എന്നിവരുടെ അറസ്റ്റ് ആണ് കളമശ്ശേരി പൊലീസ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച അർധരാത്രിയോടെ എറണാകുളം പരിസരത്ത് നിന്നാണ് ഇരുവരെയും കളമശ്ശേരി പൊലീസിന്‍റെ പ്രത്യേക സംഘവും ഡാൻഫാസ് സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചത് പൂർവ വിദ്യാർഥികളാണെന്ന് 1.900 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ വിദ്യാർഥി മൊഴി നൽകിയിരുന്നു.
സമാനരീതിയിലുള്ള ലഹരി കേസുകളിൽ ആഷിഖ് ഉൾപ്പെട്ടിരുന്നതായുള്ള സൂചനകൾ വിദ്യാർഥികളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്കാര്യങ്ങളിലും പൊലീസ് കൃത്യത വരുത്തും. ആഷിഖിനൊപ്പം മറ്റ് ആളുകളുണ്ടോ എന്നും മറ്റ് കാമ്പസുകളിൽ ഇയാൾ ലഹരിവസ്തുക്കൾ എത്തിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.
വ്യാഴാഴ്ച രാത്രിയിലാണ് കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കഞ്ചാവ് വേട്ട നടന്നത്. ഏഴ് മണിക്കൂർ നീണ്ട മിന്നൽ പരിശോധനയിൽ പൊലീസ് രണ്ടുകിലോ കഞ്ചാവ് പിടികൂടി. ഹോളി ആഘോഷത്തിന് ഹോസ്റ്റലിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നായിരുന്നു രഹസ്യ വിവരം.
കോളജ് എസ്.എഫ്.ഐ യൂനിയൻ ജനറൽ സെക്രട്ടറിയടക്കം മൂന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. മൂന്നാം വർഷ വിദ്യാർഥികളായ കൊല്ലം വില്ലുമല പുത്തൻവീട് അടവിക്കോണത്ത് എം. ആകാശ് (21), ആലപ്പുഴ ഹരിപ്പാട് കാട്ടുകൊയ്ക്കൽ വീട്ടിൽ ആദിത്യൻ (20), കോളജ് എസ്.എഫ്.ഐ യൂനിയൻ ജനറൽ സെക്രട്ടറി കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പനംതറയിൽ വീട്ടിൽ ആർ. അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്.