റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. പ്രമുഖ കമ്പനിയിൽ സെയിൽസ്മാനായ ശാഹുൽ ഹമീദ്, ഹഫർ അൽ ബാത്വിനിൽ നിന്നും റഫയിലേക്ക് ദമ്മാം റോഡിലൂടെ ട്രക്കിൽ ലോഡുമായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പുതുക്കോട്ടൈ മുത്തുപ്പട്ടണം സ്വദേശി ശാഹുൽ ഹമീദ് (40) ആണ് മരിച്ചത്.
എതിർ ദിശയിൽ നിന്ന് വന്ന ട്രക്ക് റോഡിലെ മഴനനവിൽ തെന്നി മാറി ശാഹുൽ ഹമീദിെൻറ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ശാഹുൽ ഹമീദിൻറെ വാഹനം നിയന്ത്രണം വിട്ട് അതിലൂടെ പോവുകയായിരുന്ന മറ്റൊരു വാഹനത്തിൽ ചെന്നിടിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശാഹുൽ ഹമീദ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ടു വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്ക് കാര്യമായ പരിക്കില്ല എന്നാണ് വിവരം.
ഹഫർ അൽ ബാത്വിനിലെ കിങ് ഖാലിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം സൗദിയിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: ബിസ്‌മി നിഹാര, പിതാവ്: മുഹമ്മദ് ഇബ്രാഹിം, മാതാവ്: ബൈറോസ് ബീഗം, മക്കൾ: അഫ്‌സാന, അനാബിയ, അഹമ്മദ്.