വാഹനങ്ങള്‍ക്കുള്ളിലെ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയുടെ അപകടങ്ങളെക്കുറിച്ച് ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനായി സുരക്ഷാ അവബോധ കാമ്പയിന്‍ ആരംഭിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം .അപകടങ്ങളൊഴിവാക്കാനും സുരക്ഷിതരാകാനും ഡ്രൈവര്‍മാര്‍ക്കായി ആഭ്യന്തര മന്ത്രാലയം സുപ്രധാന നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചു.
അടച്ചിട്ടതോ വായുസഞ്ചാരം കുറഞ്ഞതോ ആയ സ്ഥലങ്ങളില്‍ ദീര്‍ഘനേരം എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കുക, ചോര്‍ച്ചയോ തുരുമ്പോ ഇല്ല എന്നുറപ്പുവരുത്താന്‍ എക്സ്ഹോസ്റ്റ് സിസ്റ്റം പതിവായി പരിശോധിക്കുക, മയക്കം, തലവേദന, തലകറക്കം, മനം പുരട്ടല്‍ അല്ലെങ്കില്‍ നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ജാഗ്രത പാലിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക - തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.
അടഞ്ഞ വായു സഞ്ചരമില്ലാത്ത സ്ഥലങ്ങളില്‍ ശ്വസിക്കുമ്പോള്‍ ജീവന് ഹാനികരമായേക്കാവുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. നിറവും മണവും രുചിയുമില്ലാത്തതുമായ കാര്‍ബണ്‍ മോണോക്‌സൈഡ്, ഇന്ധനത്തിന്റെ അപൂര്‍ണ്ണമായ ജ്വലനം മൂലമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. പ്രത്യേകിച്ച് കാര്‍ എഞ്ചിന്‍ അടച്ചിട്ട സ്ഥലങ്ങളില്‍ ദീര്‍ഘനേരം പ്രവര്‍ത്തിക്കുമ്പോള്‍. മുന്നറിയിപ്പില്‍ നല്‍കിയ എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍, ശുദ്ധവായു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉടന്‍ തന്നെ വിന്‍ഡോകള്‍ തുറന്നിടണമെന്നും വാഹനത്തില്‍ നിന്ന് പുറത്തുകടക്കണമെന്നും ഡ്രൈവര്‍മാരോട് മന്ത്രാലയം നിര്‍ദ്ദേശിച്ചു.