+

വ്യാപാര കരാറുണ്ടാക്കിയില്ലെങ്കിൽ 155 ശതമാനം താരിഫ് ചുമത്തും ; ചൈനക്കെതിരെ ഭീഷണിയുമായി ട്രംപ്

വ്യാപാര കരാറുണ്ടാക്കിയില്ലെങ്കിൽ 155 ശതമാനം താരിഫ് ചുമത്തും ; ചൈനക്കെതിരെ ഭീഷണിയുമായി ട്രംപ്

ന്യൂയോർക്ക്: ചൈനക്കെതിരെ 155 ശതമാനം താരിഫ് ചുമത്തുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസുമായി വ്യാപാര കരാറുണ്ടായില്ലെങ്കിൽ ചൈന 155 ശതമാനം താരിഫ് നൽകേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ​ഹൗസിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി നിർണായ ധാതുകരാറിൽ ഒപ്പുവെച്ച ശേഷം സംസാരിക്കുകയായിരുന്നു​ ട്രംപ്.

‘ചൈന ഞങ്ങളെ ബഹുമാനിക്കുന്നുവെന്ന് ഞാൻ കരുതുന്നു. നികുതിയിനത്തിൽ വൻതുകയാണ് അവർ യു.എസിന് നൽകുന്നത്. എല്ലാവർക്കുമറിയുന്നത് പോലെ, ചൈന 55 ശതമാനം നികുതിയാണ് നൽകുന്നത്, അത് വലിയ ഒരുതുകയാണ്. നവംബർ ഒന്നിനകം വാഷിംഗ്ടണുമായി വ്യാപാര കരാറുണ്ടായില്ലെങ്കിൽ ചൈന 155 ശതമാനം താരിഫ് നൽകേണ്ടി വരും,’ ട്രംപ് പറഞ്ഞു.

നിരവധി രാജ്യങ്ങളുമായി ഇതിനകം വ്യാപാര കരാറുകളുണ്ടാക്കിയതായി ട്രംപ് വ്യക്തമാക്കി. അവർ ഒരിക്കൽ യു.എസിനെ മുതലെടുത്തിരുന്നു, ഇനിയില്ലെന്നും ട്രംപ് പറഞ്ഞു.

ചൈനയുമായി നല്ലൊരു കരാറുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചൈനയിൽ നിന്നുള്ള എല്ലാ ഇറക്കുമതിക്കും നവംബർ ഒന്നുമുതൽ 100 ശതമാനം അധിക നികുതി ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ സോഫ്റ്റ്​വെയർ കയറ്റുമതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

നിലവിൽ ചൈനക്ക് മേൽ 55 ശതമാനം നികുതിയാണ് ചുമത്തിയിട്ടുള്ളത്. നവംബർ ഒന്നുമുതൽ അധികനികുതി കൂടി നിലവിൽ വരുന്നതോടെ ഇത് ഫലത്തിൽ 155 ശതമാനമാവും.

നേരത്തെ, ചൈനീസ് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക താരിഫ് കുറയ്ക്കാൻ തയ്യാറാണെന്ന് ട്രംപ് സൂചന നൽകിയിരുന്നു. എന്നാൽ താരിഫ് കുറയ്ക്കുന്നതിൽ ചൈനയുടെ ഭാഗത്ത് നിന്നും പ്രത്യുപകാരം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സോയാബീൻ ഇറക്കുമതി വർദ്ധിപ്പിക്കുക, ‘ഫെന്റനിൽ’ (അമേരിക്കയിൽ വ്യാപകമായ ലഹരിമരുന്ന്) നിയന്ത്രിക്കുക, അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതിയിൽ നിയന്ത്രണം ഒഴിവാക്കുക തുടങ്ങിയ വ്യവസ്ഥകളാണ് ട്രംപ് ചൈനക്ക് മുന്നിൽ വെച്ചതെന്നാണ് റിപ്പോർട്ടുകൾ.

facebook twitter