കാരറ്റോ കാരറ്റ് ജ്യൂസോ; ഏതാണ് ആരോഗ്യത്തിന് നല്ലത്?

05:10 PM Nov 04, 2025 | Kavya Ramachandran
ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാല്‍ സമ്പുഷ്ടമായ പച്ചക്കറികളിലൊന്നാണ് കാരറ്റ്. പലരും കാരറ്റും കാരറ്റ് ജ്യൂസും സ്ഥിരമായി തങ്ങളുടെ ഭക്ഷണത്തിലുള്‍പ്പെടുത്താറുമുണ്ട്. എന്നാല്‍ കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നതാണോ അതോ കാരറ്റ് ജ്യൂസ് ആയി കഴിക്കുന്നതാണോ ആരോഗ്യത്തിന് ഉത്തമം എന്ന ചോദ്യമാണ് പലരും ഇപ്പോള്‍ ചോദിക്കുന്നത്. ഇവ രണ്ടിന്റെയും ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം.
കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
എല്ലാദിവസവും കഴിക്കാന്‍ പറ്റിയ പച്ചക്കറികളിലൊന്നാണ് കാരറ്റ്. അതിലടങ്ങിയിരിക്കുന്ന ധാതുക്കളും പോഷകങ്ങളും നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യവുമാണ്. കാരറ്റില്‍ വിറ്റാമിന്‍-എ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. കൂടാതെ ചര്‍മ്മത്തിലെ പാടുകളും മറ്റും കുറയ്ക്കാനും കാരറ്റിലെ പോഷകഘടങ്ങള്‍ സഹായിക്കുന്നു. കാരറ്റിലെ ഫൈബറിന്റെ സാന്നിദ്ധ്യം ദഹനം സുഗമമാക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും കാരറ്റ് സഹായിക്കുന്നു.
പൊട്ടാസ്യം ധാരാളമടങ്ങിയിട്ടുള്ള പച്ചക്കറി കൂടിയാണ് കാരറ്റ്. അതുകൊണ്ട് തന്നെ നമ്മുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കാരറ്റ് സഹായിക്കുന്നു. കാരറ്റിലെ ബീറ്റാകരോട്ടിനും ലൈകോപിനും ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ നമ്മളെ സഹായിക്കും. കൂടാതെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ ഭക്ഷണ ക്രമത്തിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയുന്ന പച്ചക്കറി കൂടിയാണ് കാരറ്റ്.