സിനിമയുടെ കളക്ഷൻ തുക ആൾമാറാട്ടത്തിലൂടെ തട്ടിയെടുത്ത വിതരണക്കാരനെതിരെ കേസ്

07:55 PM Apr 26, 2025 | Kavya Ramachandran

തിരുവനന്തപുരം: സിനിമയുടെ കളക്ഷൻ തുക ആൾമാറാട്ടത്തിലൂടെ  തട്ടിയെടുത്ത വിതരണക്കാരനെതിരെ കേസ്. കൊല്ലം അഞ്ചൽ സ്വദേശി ഷമീമിനെതിരെയാണ് തട്ടിപ്പിന് തിരുവനന്തപുരം കൻറോൺമെൻറ് പോലീസ് കേസെടുത്തത്. നെയ്യാർ ഫിലിംസിൻറെ ബാനറിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ‘വിരുന്ന്’ എന്ന സിനിമയുടെ കളക്ഷനായ 30 ലക്ഷം രൂപയാണ് ചിത്രത്തിൻറെ വിതരണക്കാരനെന്ന വ്യാജേന വിവിധ തീയറ്ററുകാരിൽ നിന്നും ഇയാൾ തട്ടിയെടുത്തത്. 

വിവിധ തീയറ്ററുകളിൽ നിന്നായി ബാങ്ക് ഇടപാടുകളിലൂടെയും ഗൂഗിൾ പേ വഴിയുമാണ് ഇയാൾ മുപ്പത് ലക്ഷത്തോളം രൂപ കൈക്കലാക്കിയത്. നെയ്യാർ ഫിലിംസിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീകാന്തിൻറെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 72 ഫിലിംസ് എന്ന ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിൻറെ ഉടമയാണ് ഷമീം. ഇയാൾ മുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും ഇയാൾക്കായി അന്വേഷണം ആരംഭിച്ചെന്നും കൻറോൺമെൻറ് പോലീസ് അറിയിച്ചു.