
പാകിസ്താന് യുദ്ധത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന് പാക് റെയില്‍വേ മന്ത്രി ഹനീഫ് അബ്ബാസി. റെയില്‍വേ സ്റ്റേഷനുകളുടെ നിയന്ത്രണം സൈന്യത്തിന് വിട്ടുനല്‍കി. സൈനിക ടാങ്കുകളുടെയും മറ്റും നീക്കത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്നും പാക് റെയില്‍വേ മന്ത്രി വ്യക്തമാക്കി.
നേരത്തേ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആദ്യമായി പ്രതികരിച്ചിരുന്നു. നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അബോട്ടാബാദിലെ സൈനിക അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.
'പഹല്‍ഗാമില്‍ അടുത്തിടെയുണ്ടായ ദുരന്തത്തിന്റെ പേരില്‍ വീണ്ടും പാകിസ്താനെ കുറ്റപ്പെടുത്തുകയാണ്. ഇത് അവസാനിപ്പിക്കണം. ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയില്‍ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ പാകിസ്താന് തയാറാണ്.' രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാന്‍ പാകിസ്താന് സൈന്യം പൂര്‍ണമായും പ്രാപ്തരാണെന്ന് പറഞ്ഞ ഷഹബാസ് ഷരീഫ് കശ്മീരി ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തെ പിന്തുണയ്ക്കുന്നത് പാകിസ്താന് തുടരുമെന്നും കൂട്ടിച്ചേര്‍ത്തു
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനത്തിലും പാക് പ്രധാനമന്ത്രി പ്രതികരിച്ചു. പാകിസ്താന് അവകാശപ്പെട്ട ജലം തടയാന്‍ ശ്രമിച്ചാല്‍ പൂര്‍ണ ശക്തിയോടെ മറുപടി നല്‍കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിന്ധു നദി പാകിസ്താന്റെ ജീവനാഡിയാണെന്നും അദ്ദേഹം പറഞ്ഞു.