ഡൽഹി: കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമനം ലഭിച്ച 51,236 ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. 15-മത് റോസ്ഗർ മേളയുടെ ഭാഗമായാണ് നിയമന ഉത്തരവ് വിതരണം ചെയ്തത്. ശനിയാഴ്ച സംഘടിപ്പിച്ച പടിപാടിയിൽ ഓൺലൈനായാണ് പ്രധാനമന്ത്രി പങ്കെടുത്തത്. രാജ്യവ്യാപകമായി 47 ഇടങ്ങളിൽ ഒരേസമയം പരിപാടി സംഘടിപ്പിച്ചു. സർക്കാർ ജോലികളിൽ സ്ഥിരനിയമനം ലഭിച്ച യുവാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
‘നിങ്ങൾക്ക് പുതുതായി ലഭിച്ച ചുമതലകളിലൂടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ, അടിസ്ഥാനസൗകര്യം, ആഭ്യന്തരസുരക്ഷ, ജനക്ഷേമം എന്നിവ ശക്തിപ്പെടുത്തണം. നിങ്ങൾ എത്രത്തോളം ആത്മാർഥത പ്രകടമാക്കുന്നുവോ അത്രത്തോളം വേഗത്തിൽ വികസിത ഭാരതത്തിലേക്ക് നമ്മൾ പുരോഗതി കൈവരിക്കും’, മോദി അഭിസംബോധന പ്രസംഗത്തിൽ പറഞ്ഞു. യുവജനങ്ങളെ ദേശീയപുരോഗതിയുടെ ചാലകശക്തിയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇന്ത്യയെ ആഗോളശക്തിയായി മാറ്റുന്നതിൽ യുവജനങ്ങൾക്കുള്ള പങ്ക് ഊന്നിപ്പറയുകയും ചെയ്തു. രാജ്യത്തിന്റെ വികസനത്തിൽ യുവജനങ്ങൾ ഭാഗഭാക്കുകളായാൽ ത്വരിതരാജ്യപുരോഗതി സാധ്യമാകുമെന്നും ഇന്ത്യയിലെ യുവത ഇപ്പോൾ അവരുടെ കഴിവുകൾ അത്തരത്തിൽ പ്രകടമാക്കുന്നതായും മോദി കൂട്ടിച്ചേർത്തു.
സ്വയംതൊഴിൽ അവസരങ്ങളെ കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സ്കിൽ ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ. ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളെ കുറിച്ചും മോദി സംസാരിച്ചു. ആഗോളതലത്തിൽ മികച്ച ഉത്പന്നങ്ങൾ സംഭാവന ചെയ്യാൻ ഇന്ത്യൻ യുവതയെ പ്രാപ്തമാക്കുന്ന വിധത്തിൽ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തെ കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോമൊബൈൽ, ഫുട്വെയർ, ഖാദി, കുടിൽവ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ റെക്കോഡ് വളർച്ച കൈവരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഒത്തൊരുമിച്ച് നമുക്ക് ഭാരതത്തിനെ വികസിതമാക്കാമെന്നും അതോടൊപ്പം സമൃദ്ധമാക്കാമെന്നും മോദി പറഞ്ഞു.