കണ്ണൂരിൽ പ്ലസ് ടു വിദ്യാര്‍ത്ഥികളെ കമ്പിയും തടിയും കൊണ്ട് ക്രൂരമായി മര്‍ദിച്ചു, അദ്ധ്യാപകനെതിരെ കേസ്

04:04 PM Dec 15, 2025 | Renjini kannur

കണ്ണൂർ:  പ്ലസ് ടു വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച അദ്ധ്യാപകനെതിരെ കേസെടുത്തു. ട്രെയിനി അദ്ധ്യാപകനായ ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പഴയങ്ങാടി പൊലീസ് കേസെടുത്തത്.കമ്പിയും തടിയും കൊണ്ടാണ് കുട്ടികളെ മർദിച്ചത്. ഇവർ തൃക്കരിപ്പൂർ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഡിസംബർ ഒമ്ബതിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പയ്യന്നൂർ ബോയ്‌സ് സ്കൂളിലെ വിദ്യാർത്ഥികളാണ് മർദനത്തിനിരയായത്. വിനോദയാത്രയ്ക്കിടെ ഉണ്ടായ തർക്കം അധ്യാപകന് വൈരാഗ്യമായി മാറിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ 'സംസാരിച്ച്‌ തീർക്കാം' എന്ന പേരില്‍ വിദ്യാർഥികളെ ലിജോ ജോണിന്റെ നാട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം മർദിച്ചതായാണ് പരാതി.

ലിജോ ജോണും സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥികളെ വളഞ്ഞിട്ട് ആക്രമിച്ചതായി വിദ്യാർഥികള്‍ ആരോപിക്കുന്നു.തൃക്കരിപ്പൂർ തങ്കയം സ്വദേശികളായ വിദ്യാർഥികള്‍ക്കാണ് മർദനമേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.