സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 500ല്‍ 500 മാര്‍ക്കും നേടിയിരിക്കുകയാണ് സൃഷ്ടി ശര്‍മ്മയെന്ന മിടുക്കി. താന്‍ ട്യൂഷനൊന്നും പോവാതെയാണ് എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും നേടിയതെന്ന് സൃഷ്ടി പറഞ്ഞു. അതേസമയം ദിവസം 20 മണിക്കൂര്‍ വരെ പഠിച്ചിരുന്നുവെന്ന് സൃഷ്ടി പറഞ്ഞു.
'എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എന്റെ കുടുംബവും അധ്യാപകരും അഭിമാനിക്കുന്നു. ഞാന്‍ ഒരു വിഷയത്തിനും ട്യൂഷന് പോയിരുന്നില്ല. ദിവസം 20 മണിക്കൂര്‍ വരെ പഠിച്ചിരുന്നു. എനിക്കത്ര ആത്മവിശ്വാസം ഉണ്ടായിരുന്നില്ല പക്ഷേ എന്റെ മാതാപിതാക്കള്‍ എപ്പോഴും എന്നെ പിന്തുണച്ചു. എന്റെ അച്ഛനാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. അച്ഛന്‍ എപ്പോഴും എന്നില്‍ വിശ്വാസം പ്രകടിപ്പിച്ചു'- സൃഷ്ടി ശര്‍മ പറഞ്ഞു.
സ്വയം പഠനവും എന്‍സിആര്‍ടി പാഠപുസ്തകങ്ങള്‍ നന്നായി വായിച്ചതുമാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്ന് സൃഷ്ടി പറയുന്നു. എന്‍സിആര്‍ടി പുസ്തകങ്ങള്‍ ഒരു വാക്ക് പോലും ഒഴിവാക്കാതെ വായിക്കാറുണ്ടായിരുന്നുവെന്നും സൃഷ്ടി പറഞ്ഞു. എഞ്ചിനീയറാകണം എന്നാണ് സൃഷ്ടിയുടെ ആഗ്രഹം. ഐഐടി ബോംബെയില്‍ ഉപരി പഠനം നടത്താനാണ് ആഗ്രഹമെന്നും സൃഷ്ടി പറഞ്ഞു.