മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അമിത് ഷായുടെ വേണ്ടപ്പെട്ടയാള്‍? നിയമിച്ചത് അര്‍ദ്ധരാത്രിയില്‍, കേസ് കോടതി പരിഗണിക്കുന്നതിന് തൊട്ടുമുന്‍പ് നിയമനം, അന്നേ അഴിമതി സൂചന നല്‍കി

08:46 AM Aug 16, 2025 | Raj C

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ ചില മണ്ഡലങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായ വ്യാജവോട്ട് കണ്ടെത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം പുതിയ രാഷ്ട്രീയ പോര്‍മുഖത്തിന് വഴിതുറക്കുകയാണ്. ബിജെപി രണ്ടാംതവണയും അധികാരത്തിലെത്തിയത് രാജ്യമെങ്ങും ഈ രീതിയില്‍ വോട്ടര്‍മാരെ ചേര്‍ത്താണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

തെരഞ്ഞെടുപ്പിലെ കൃത്രിമം സംബന്ധിച്ച് വിവാദം കൊഴുക്കവെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നിയമനം വീണ്ടും ചര്‍ച്ചയാവുകയാണ്. 2025 ഫെബ്രുവരി 19-നാണ് അദ്ദേഹം 26-ാമത്തെ സിഇസിയായി ചുമതലയേറ്റത്. 1988 ബാച്ചിലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്.

അമിത് ഷായുടെ ഏറെ അടുപ്പക്കാരനാണ് ഗ്യാനേഷ് കുമാര്‍ എന്ന് ആരോപണമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലിന്റെ പ്രക്രിയയില്‍ സുപ്രധാന പങ്ക് വഹിച്ച ഉദ്യാഗസ്ഥന്‍ കൂടിയാണ്.

Trending :

അയോധ്യയിലെ ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണത്തിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. 2022 മുതല്‍ 2024 വരെ കോഓപ്പറേഷന്‍ മന്ത്രാലയത്തിന്റെ സെക്രട്ടറിയായിരുന്നു, അക്കാലത്ത് മള്‍ട്ടി-സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (അമെന്‍ഡ്‌മെന്റ്) ആക്ട് 2023 നടപ്പാക്കുന്നതിനും, ദേശീയ കോ ഓപ്പറേറ്റീവ് ബോഡികളുടെ രൂപീകരണത്തിനും നേതൃത്വം നല്‍കി. 2024 മാര്‍ച്ച് 14 മുതല്‍ 2025 ഫെബ്രുവരി 18 വരെ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു, പിന്നീടാണ് സിഇസിയായി ഉയര്‍ത്തപ്പെട്ടത്.

ഗ്യാനേഷ് കുമാറിന്റെ സിഇസി നിയമനം 2023-ലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആന്‍ഡ് അദര്‍ ഇലക്ഷന്‍ കമ്മീഷണേഴ്‌സ് (അപ്പോയിന്റ്‌മെന്റ്, കണ്ടീഷന്‍സ് ഓഫ് സര്‍വീസ് ആന്‍ഡ് ടേം ഓഫ് ഓഫീസ്) ആക്ടിന് കീഴിലാണ് നടന്നത്. ഈ നിയമം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സെലക്ഷന്‍ പാനലില്‍ നിന്ന് ഒഴിവാക്കുന്നതാണ്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഒരു യൂണിയന്‍ മന്ത്രി എന്നിവരടങ്ങിയ പാനലാണ് തെരഞ്ഞെടുക്കുന്നത്. 

ഗ്യാനേഷ് കുമാറിന്റെ നിയമനത്തിനെതിരെ അടുത്ത ദിവസം സുപ്രീം കോടതിയില്‍ ഹര്‍ജികളുടെ വാദം കേള്‍ക്കാനിരിക്കെ 2025 ഫെബ്രുവരി 17-ന് രാത്രി വൈകി നിയമന ഉത്തരവ് പുറത്തിറക്കുകയായിരുന്നു.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഈ നിയമനത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധി 'മിഡ്‌നൈറ്റ് ഡിസിഷന്‍' എന്ന് വിളിച്ച്, സുപ്രീം കോടതി പരിശോധനയെ ഒഴിവാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചു. സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങില്‍ രാഹുല്‍ ഗാന്ധി ഡിസന്റ് നോട്ട് സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍, പ്രമോദ് തിവാരി എന്നിവര്‍ ഭരണഘടനയുടെ ആത്മാവിനെതിരാണ് ഈ നിയമനമെന്ന് പറഞ്ഞു. ഗ്യാനേഷ് കുമാര്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അടുപ്പക്കാരനാണെന്നും, ആര്‍ട്ടിക്കിള്‍ 370, അയോധ്യ വിഷയങ്ങളിലെ പങ്ക് ബിജെപി അനുകൂല നിലപാടിന്റെ തെളിവാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

സുപ്രീം കോടതി ഹര്‍ജികളുടെ വാദം പിന്നീട് മാറ്റിവെച്ചു, പക്ഷേ ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ സജീവമാക്കി. പ്രതിപക്ഷം, പ്രത്യേകിച്ച് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷനെ 'ബിജെപിയുടെ പാവ' എന്ന് വിളിക്കുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇസിഐയ്‌ക്കെതിരെ ബയസ് ആരോപണങ്ങള്‍ ഉയര്‍ന്നു, മോഡല്‍ കോഡ് ഓഫ് കണ്ടക്റ്റ് ലംഘനങ്ങളില്‍ ബിജെപി നേതാക്കള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്ന് വിമര്‍ശനം.

സമീപകാലത്ത്, ബിഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പുള്ള വോട്ടര്‍ റോള്‍ പുനരവലോകനം (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) വിവാദമായി. പ്രതിപക്ഷം ആരോപിക്കുന്നത്, ഇത് ബിജെപി വിരുദ്ധ വോട്ടര്‍മാരെ ഒഴിവാക്കാനുള്ള ശ്രമമാണെന്നാണ്. അതിനിടയിലാണ് കര്‍ണാടക തെരഞ്ഞെടുപ്പിലെ ക്രമക്കേടും പുറത്തുവരുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍, ഗ്യാനേഷ് കുമാറിനെ ബിജെപി അനുകൂലിയായി വിശേഷിപ്പിക്കുന്ന ധാരാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സിവില്‍ സര്‍വീസിലുള്ളത് സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് ആരോപണം. ഇസിഐ ആരോപണങ്ങള്‍ നിഷേധിക്കുകയും, തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. സുപ്രീം കോടതിയില്‍ കൂടുതല്‍ ഹര്‍ജികള്‍ സമര്‍പ്പിച്ച പ്രതിപക്ഷം അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.