കാടാമ്പുഴ: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ആരംഭിക്കുന്ന പുതിയ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം ആഗസ്റ്റ് 22 വെള്ളിയാഴ്ച വൈകുന്നേരം 6 ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും.ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു മാസ്റ്റർ അധ്യക്ഷനാകും.
ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ക്ഷേത്രമായ ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തരാണ് ദിനം പ്രതി ദർശന പുണ്യം തേടിയെത്തുന്നത്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഈ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒട്ടനവധി വികസന പ്രവർത്തികളാണ് ദേവസ്വം നടത്തിയിട്ടുള്ളത് .
തച്ചുശാസ്ത്രവിധികൾ പൂർണമായും ഉൾക്കൊണ്ട് ശ്രീകോവിൽ, ചുറ്റമ്പലം, പ്രദക്ഷിണ വഴി, ചോറൂൺ മണ്ഡപം, നടവഴി, ഗോപുരം തുടങ്ങിയവ ക്ഷേത്രചാരുത നഷ്ടപ്പെടാതെ പൂർത്തിയാക്കി. നവരാത്രി മണ്ഡപത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മുട്ടറുക്കലിന് വേണ്ടി ഭക്തജനങ്ങൾ മണിക്കൂറുകൾ കാത്തുനിൽക്കുന്ന വളരെ ക്ലേശകരമായ സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടി ക്ഷേത്ര പരിസരത്ത് എല്ലാവിധ ആധുനിക സൗകര്യങ്ങളോടെ ഒരു ക്യൂ കോംപ്ലക്സും അതോടൊപ്പം ക്ഷേത്ര പ്രദക്ഷിണ വഴിയിൽ നടപന്തലുകളും
തുലാഭാര മണ്ഡപവും നിർമ്മിക്കുകയാണ്.
ഈ പദ്ധതികളുടെ നിർമ്മാണോദ്ഘാടനമാണ് വെള്ളി വൈകുന്നേരം 6 ന് മന്ത്രി വി എൻ വാസവൻ നിർവഹിക്കുന്നത്. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി സി ബിജു മുഖ്യാതിഥിയായി പങ്കെടുക്കും. മലബാർ ദേവസ്വം ബോർഡ് മെമ്പർമാരായ കെ സുധാകുമാരി, പ്രജീഷ് തിരുത്തിയിൽ, കെ എൻ ഉദയൻ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.