കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പത്തൊന്‍പതുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തുഞെരിച്ച് കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച പ്രതി പിടിയില്‍. ചേതന്‍ എന്ന യുവാവാണ് പിടിയിലായത്. രണ്ടു വര്‍ഷമായി ചേതനും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. വിവാഹം കഴിക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് പ്രതിയുടെ മൊഴി.
ചിത്രദുര്‍ഗയില്‍ ദേശീയപാതയോരത്ത് പാതി കത്തി, നഗ്‌നമാക്കിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് പ്രതി പിടിയിലായത്. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കൊല്ലപ്പെടും മുന്‍പ് ബലാത്സംഗത്തിന് ഇരയായതായി പൊലീസ് അറിയിച്ചിരുന്നു. ഓഗസ്റ്റ് 14ന് കോളേജ് ഹോസ്റ്റലില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെതായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ചേതന്‍ പിടിയിലായത്.
ഗംഗാവതിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രതി ഓഗസ്റ്റ് 14ന് പെണ്‍കുട്ടിയെ ഹോസ്റ്റലിലെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ നിന്ന് ഗോണൂര്‍ എന്ന സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ച് കൊന്നു. തുടര്‍ന്ന് ആളെ തിരിച്ചറിയാതിരിക്കാന്‍ പെട്രോളൊഴിച്ച് കത്തിച്ചു. താനുമായി പ്രണയത്തിലുള്ളപ്പോള്‍ തന്നെ പെണ്‍കുട്ടി മറ്റൊരാളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് ചേതന്‍ പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ചേതന്‍ മൊഴി നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചിരുന്നു. പ്രതിയെ പിടികൂടും വരെ പിന്മാറില്ലെന്നും വ്യക്തമാക്കിയായിരുന്നു. ഈ പ്രതിഷേധം. ശക്തമായതിനിടയിലാണ് ഉച്ചയോടെ പ്രതി ചേതനെ പൊലീസ് അറസ്റ്റ് ചെയ്തത്.