
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ഓഗസ്റ്റ് മൂന്നിന് നടത്തിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - പോസ്റ്റ് ഗ്രാജ്വേറ്റ് [നീറ്റ് - പിജി] 2025 ഫലം natboard.edu.in ൽ പ്രസിദ്ധീകരിച്ചു. 2025-26 അഡ്മിഷൻ സെഷനിലെ എംഡി/എംഎസ്/ഡിഎൻബി/ഡിആർ എൻബി (ഡയറക്ട് ആറുവർഷ കോഴ്‌സ്)/പിജി മെഡിക്കൽ ഡിപ്ലോമ തുടങ്ങിയ കോഴ്‌സുകളിലെ പ്രവേശനമാണ് പരീക്ഷയുടെ പരിധിയിൽ വരുന്നത്.
പ്രോസ്പെക്ടസ് വ്യവസ്ഥകൾ പ്രകാരം പരീക്ഷയിൽ യോഗ്യത നേടാൻ വേണ്ട പെർസന്റൈൽ കട്ട് ഓഫ്, പരീക്ഷയിലെ സമാനമായ കട്ട് ഓഫ് സ്കോർ (800 ൽ) എന്നിവ:
• ജനറൽ/ഇഡബ്ല്യുഎസ്: 50-ാം പെർസന്റൈൽ; സ്കോർ 276
• ജനറൽ പിഡബ്ല്യുബിഡി: 45-ാം പെർസന്റൈൽ; 255
• എസ് സി/എസ് ടി/ഒബിസി (ഈ വിഭാഗങ്ങളിലെ ഭിന്നശേഷി വിഭാഗക്കാർ ഉൾപ്പെടെ): 40-ാം പെർസന്റൈൽ; 235
സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഒറ്റ സെഷനിൽ പരീക്ഷ നടത്തിയതിനാൽ ഇൻഫർമേഷൻ ബുള്ളറ്റിനിൽ വ്യവസ്ഥ ചെയ്തിരുന്ന മാർക്ക് നോർമലൈസേഷൻ പ്രക്രിയ, റിസൽട്ട് രൂപപ്പെടുത്തലിൽ ബാധകമാക്കിയിട്ടില്ല. ഇൻഫർമേഷൻ ബുള്ളറ്റിൻ ഈ മാറ്റത്തോടെ പരിഗണിക്കേണ്ടതാണ്.
എൻബിഇഎംഎസ് ഓഗസ്റ്റ് 19-ലെ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള ലിങ്ക് വഴി ഫലം കാണാം.
അപേക്ഷാ നമ്പർ, റോൾ നമ്പർ, 800 ൽ ലഭിച്ച സ്കോർ, നീറ്റ് പിജി 2025 റാങ്ക് എന്നിവ ഇവിടെ ലഭിക്കും. പരീക്ഷ അഭിമുഖീകരിച്ച മൊത്തം പരീക്ഷാർഥികളെയും പരിഗണിക്കുമ്പോൾ, ഒരു പരീക്ഷാർഥിയുടെ മെറിറ്റ് സ്ഥാനമാണ് നീറ്റ് പിജി 2025 റാങ്ക് സൂചിപ്പിക്കുന്നത്.
വ്യക്തിഗത സ്കോർകാർഡുകൾ 29 മുതൽ ഡൗൺലോഡ് ചെയ്യാം. ആറു മാസ കാലയളവിലേക്കേ സ്കോർകാർഡ് ഡൗൺലോഡിങ്ങിന് ലഭിക്കൂ.
50 ശതമാനം ഓൾ ഇന്ത്യ ക്വാട്ട മെറിറ്റ് സ്ഥാനം പിന്നീട് പ്രഖ്യാപിക്കും. ഒാരോ സ്റ്റേറ്റ്/കേന്ദ്ര ഭരണ പ്രദേശ ക്വാട്ട സീറ്റുകളിലേക്കുള്ള അന്തിമ മെറിറ്റ് പട്ടിക/കാറ്റഗറി മെറിറ്റ് പട്ടിക എന്നിവ, അതത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ അവരുടെ യോഗ്യതാ/സംവരണ വ്യവസ്ഥകൾ പരിഗണിച്ച് തയ്യാറാക്കി പ്രസിദ്ധീകരിക്കും.
അലോട്‌മെന്റ്
അലോട്‌മെന്റ് നടത്തുന്നത് ദേശീയ തലത്തിൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയും (mcc.nic.in) സംസ്ഥാന തലത്തിൽ സംസ്ഥാനത്തെ/കേന്ദ്രഭരണ പ്രദേശത്തെ കൗൺസലിങ് ഏജൻസിയുമാണ്. 2024-ൽ എംസിസി നടത്തിയ ദേശീയതല പിജി മെഡിക്കൽ അലോട്‌മെന്റ് വിവരങ്ങൾ എംസിസി വെബ് സൈറ്റിലെ ‘പിജി മെഡിക്കൽ’ ലിങ്കിൽ ലഭിക്കും.
കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണർക്കാണ് അലോട്മെന്റ് ചുമതല (www.cee.kerala.gov.in). 2024-ലെ സംസ്ഥാനതല അലോട്മെന്റ് വിവരങ്ങൾ ഈ വെബ്‌സൈറ്റിൽ ‘പിജി മെഡിക്കൽ 2024- കാൻഡിഡേറ്റ് പോർട്ടൽ’ -ൽ ലഭിക്കും.തമിഴ്നാട്ടിൽ മെഡിക്കൽ എജുക്കേഷൻ ഡയറക്ടറേറ്റ് സെലക്ഷൻ കമ്മിറ്റി
(tnmedicalselection.net), കർണാടകയിൽ കർണാടക എക്സാമിനേഷൻസ് അതോറിറ്റി (കെഇഎ)
(cetonline.karnataka.gov.in/kea/), ആന്ധ്രാപ്രദേശിൽ ഡോ. എൻടിആർ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (drntr.uhsap.in), തെലങ്കാനയിൽ കാലോജി നാരായണ റാവു യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ്
(www.knruhs.telangana.gov.in), പുതുച്ചേരിയിൽ സെൻട്രലൈസ്ഡ് അഡ്മിഷൻ കമ്മിറ്റി (സെൻടാക്)
(centacpuducherry.in) തുടങ്ങിയവയാണ് അലോട്‌മെന്റുകൾ നടത്താറുള്ളത്.
അലോട്മെന്റ് സമയക്രമം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അതത് ഏജൻസികൾ പ്രഖ്യാപിക്കും. ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ ഇടയ്ക്കിടെ സന്ദർശിച്ച് അലോട്മെന്റുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കുക.