നെഹ്റു ട്രോഫി വള്ളംകളിക്കായി 50 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

07:43 AM Aug 12, 2025 |


 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായി 50 ലക്ഷം രൂപയുടെ സെന്‍ട്രല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് നല്‍കാന്‍ ഉത്തരവിട്ട് കേന്ദ്ര ടൂറിസം മന്ത്രാലയം. കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ ഉത്തരവ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പങ്കുവെച്ചു.

ദേശീയ-അന്തര്‍ദേശീയ തലത്തില്‍ കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും വിനോദസഞ്ചാര സാധ്യതകളും ഉയര്‍ത്തിക്കാട്ടുന്ന നെഹ്റു ട്രോഫി വള്ളംകളി കേരളത്തിന് സാമ്പത്തിക നേട്ടവും വിനോദസഞ്ചാര വളര്‍ച്ചയും സമ്മാനിക്കുമെന്ന് ഉറപ്പാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

അതേസമയം വള്ളം കളി നടക്കുമ്പോള്‍ നിശ്ചിത ഇടവേളകളില്‍ കേന്ദ്ര ടൂറിസം മന്ത്രാലയതിന്റെ വീഡിയോ കാണിക്കണമെന്നാണ് ഉത്തരവ്. വള്ളം കളിയുടെ പ്രചരണസാമഗ്രികകളില്‍ കേന്ദ്ര ടൂറിസം മന്ത്രാലയതിന്റെ ലോഗോ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഈ മാസം 30നാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്. ടിക്കറ്റ് വില്‍പ്പന ഓഗസ്റ്റ് എട്ടിന് ആരംഭിച്ചു. ഈ മാസം 30നാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്.