ചക്കരക്കൽ ബിൽഡിങ്ങ് മെറ്റീരിയൽ സൊസൈറ്റിയിലെ കോടികളുടെ വെട്ടിപ്പ് : പ്രശ്ന പരിഹാരം കാണാനാവാതെ ജില്ലാ കോൺഗ്രസ് നേതൃത്വം ഇരുട്ടിൽ തപ്പുന്നു

10:15 AM Dec 19, 2024 | Neha Nair

ചക്കരക്കൽ : പാർട്ടി ഭരിക്കുന്ന ചക്കരക്കൽ ബിൽഡിങ് മെറ്റീരിയൽ സൊസൈറ്റിയിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ്. അന്വേഷണത്തിന്‌ സമിതിയെ നിയോഗിച്ചെങ്കിലും പരിഹാരം കാണാനാവാതെ കോൺഗ്രസ് നേതൃത്വം വെട്ടിലായി.

കോടികളുടെ നിക്ഷേപത്തട്ടിപ്പാണ്‌ കെപിസിസി അംഗം കെ സി മുഹമ്മദ് ഫൈസൽ പ്രസിഡന്റായ ചക്കരക്കല്ലിലെ കണ്ണൂർ ജില്ലാ ബിൽഡിങ് മെറ്റീരിയൽ കോ - ഓപ്പറേറ്റീവ്‌ സൊസൈറ്റിയിൽ നടന്നത്.

സൊസൈറ്റിയിൽ നാലുകോടിയോളം രൂപയുടെ തട്ടിപ്പ്‌ നടന്നതായാണ്‌ പ്രാഥമിക കണക്ക്‌. വിമാനത്താവളത്തിന് സ്ഥലമേറ്റെടുത്തതിൽ നഷ്ടപരിഹാരം ലഭിച്ച വയോധിക മുതൽ ചെറുകിട കച്ചവടക്കാർവരെ കബളിപ്പിക്കപ്പെട്ടവരിൽപ്പെടുന്നു. വിവിധ നിക്ഷേപ പദ്ധതികളിൽ ചേർന്നവർക്കെല്ലാം പണം ലഭിക്കാനുണ്ട്.

ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക് രസീത്‌ കൊടുക്കുമെങ്കിലും സംഘത്തിൽ വരവ് വച്ചിരുന്നില്ല. നിക്ഷേപകരുടെ പണമെടുത്ത് സമാന്തര പണമിടപാടു സംഘം പ്രവർത്തിച്ചിരുന്നതായും ആക്ഷേപമുണ്ട്‌.

നിക്ഷേപകരിൽ ഭൂരിഭാഗവും കോൺഗ്രസ്‌ പ്രവർത്തകരാണെന്നതും നേതൃത്വത്തിന്റെ തലവേദന കൂട്ടി.  തട്ടിപ്പ്‌ പുറത്തായതോടെ പ്രസിഡന്റ്‌ മുഹമ്മദ്  ഫൈസലിനെതിരായ പടയൊരുക്കവും കോൺഗ്രസിൽ തുടങ്ങി.

ചന്ദ്രൻ തില്ലങ്കേരിയെയും മുണ്ടേരി ഗംഗാധരനെയും ഡിസിസി നേതൃത്വം അന്വേഷണത്തിന്‌ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും നിക്ഷേപകരുടെ പ്രതിഷേധത്തിന്‌ തടയിടാനായില്ല. നിക്ഷേപിച്ച പണം കിട്ടാൻ മാസങ്ങളോളം കാത്തിരിക്കാനാകില്ലെന്ന നിലപാടിലാണ്‌ നിക്ഷേപകർ. ഇതേ സമയം എം കെ രാഘവൻ എംപി ചെയർമാനായ പയ്യന്നൂർ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള മാടായി കോളേജിലെ നിയമനവുമായി ബന്ധപ്പെട്ടാണ്‌ കോൺഗ്രസ്‌ പ്രവർത്തകർ തെരുവിൽ പോരടിക്കുന്നത് തലവേദനയായിട്ടാണ്.

ഇന്റർവ്യൂ നടന്ന ദിവസം കോളേജിൽ എം കെ രാഘവനെ തടഞ്ഞതു മുതൽ പയ്യന്നൂരിൽ ബ്ലോക്ക്‌ പ്രസിഡന്റിനെ അനുസ്‌മരണച്ചടങ്ങിൽ പരസ്യമായി കൈയേറ്റം ചെയ്യുന്നതുവരെയെത്തി കാര്യങ്ങൾ. എം കെ രാഘവന്‌ അനുകൂലമായി പ്രകടനം നടത്താനെത്തിയവരെ പഴയങ്ങാടിയിൽ എതിർവിഭാഗം തടഞ്ഞതും സംഘർഷത്തിൽ കലാശിച്ചു.

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെയും ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജിന്റെയും മൗനാനുവാദത്തോടെയായിരുന്നു എം കെ രാഘവനെതിരായ നീക്കങ്ങൾ. തെരുവിൽത്തല്ല്‌ രൂക്ഷമായതോടെയാണ്‌ കെപിസിസി പ്രശ്‌നപരിഹാരത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചത്‌.

നിയമനക്കാര്യത്തിൽ പിറകോട്ടില്ലെന്ന്‌ എം കെ രാഘവൻ  നിലപാടെടുത്തതിനാൽ പരസ്യ പ്രതിഷേധം ഒഴിവാക്കണമെന്ന്‌ നിർദേശിക്കാനേ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സമിതിക്ക്‌ കഴിഞ്ഞുള്ളൂ. ഡിസിസിയുടെ അപക്വമായ ഇടപെടലാണ്‌ പ്രശ്‌നം വഷളാക്കിയതെന്ന്‌ ജില്ലയിലെ ഒരുവിഭാഗം നേതാക്കൾതന്നെ സമ്മതിക്കുന്നു. ഇതിനിടെ, പഴയങ്ങാടിയിൽ എം കെ രാഘവന്‌ അനുകൂലമായി വീണ്ടും പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടു.

നിയമനത്തിന്റെ പേരിൽ പുറത്താക്കിയ ഡയറക്ടർ ബോർഡ്‌ അംഗങ്ങളെ തിരിച്ചെടുക്കുന്നതുവരെ പ്രശ്‌നം സജീവമാക്കി നിർത്താനാണ്‌ എ ഗ്രൂപ്പിന്റെ തീരുമാനം. നിയമനം നൽകിയവരെ പുറത്താക്കാനാകില്ലെന്നതിനാൽ എം കെ രാഘവനുമുന്നിൽ ഡിസിസി നേതൃത്വത്തിന്‌ മുട്ടുമടക്കേണ്ടിവരും. നിരുപാധികം തിരിച്ചെടുക്കാനുള്ള വഴിയൊരുക്കാനാണ്‌ എ ഗ്രൂപ്പിന്റെ നീക്കം.