‘ഹോം‘ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം നിർവ്വഹിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘കത്തനാർ’. ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അനുഷ്‌ക ഷെട്ടിയാണ്. അനുഷ്‌കയുടെ ജന്മദിനം പ്രമാണിച്ച്, ചിത്രത്തിലെ അവരുടെ കഥാപാത്രമായ ‘നിള’യുടെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
മലയാള സിനിമയിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ, 75 കോടി രൂപ ബജറ്റിലാണ് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ചിത്രം നിർമ്മിക്കുന്നത്. 212 ദിവസവും 18 മാസവും കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. 36 ഏക്കറിൽ, 45,000 ചതുരശ്ര വിസ്തീർണ്ണമുള്ള കൂറ്റൻ സെറ്റ് നിർമ്മിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ഉൾപ്പെടെ 15 ഭാഷകളിലായിരിക്കും റിലീസ് ചെയ്യുക.
അനുഷ്‌ക ഷെട്ടിയെയും ജയസൂര്യയെയും കൂടാതെ പ്രഭു ദേവയും ‘കത്തനാരി’ൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2023-ൽ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രം ജയസൂര്യയുടെ കരിയറിലെ ഒരു പ്രധാന പ്രോജക്റ്റാണ്. നിലവിൽ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘ആട് 3’ അടക്കമുള്ള ചിത്രങ്ങൾ ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.