+

'ചാരിറ്റി ബോക്സ് കള്ളൻ' പിടിയിൽ

'ചാരിറ്റി ബോക്സ് കള്ളൻ' പിടിയിൽ

കോഴിക്കോട്: ഹോട്ടലുകളിൽ നിന്ന് പണമടങ്ങിയ സംഭാവനപ്പെട്ടി (ചാരിറ്റി ബോക്സ്) മോഷ്ടിക്കുന്നയാൾ പിടിയിൽ. തൃശൂർ ചാഴൂർ സ്വദേശി സന്തോഷ് കുമാറിനെയാണ് (51) ഫറോക്ക് എ.സി.പി ക്രൈം സ്ക്വാഡും നല്ലളം പൊലീസും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ 23ന് അരീക്കാട് ഹോട്ട് ബേക്ക് ഹോട്ടലിലെ കാഷ് കൗണ്ടറിലെ നേർച്ചപ്പെട്ടി മോഷ്ടിച്ച കേസിലാണ് പിടിയിലായത്. ഇത് വരെ 48 ഹോട്ടലുകളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകി. മോഷണം നടത്തിയ ഹോട്ടലുകളുടെ പേര് നമ്പറിട്ട് എഴുതിയ കുറിപ്പും പൊലീസ് കണ്ടെടുത്തു.

ഒരിക്കൽ കയറിയ കടയിൽ വീണ്ടും കയറാതിരിക്കാനാണ് ഇത്തരത്തിൽ ഹോട്ടലുകളുടെ പേര് എഴുതി സൂക്ഷിക്കുന്നതെന്ന് പ്രതി പറയുന്നു. ഹോട്ടലുകാർ നൽകിയ പരാതിയെ തുടർന്ന് നല്ലളം പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുത്തത്.

ഹോട്ടലുകളിലെ ക്യാഷ് കൗണ്ടറുകളിൽ ചില്ലറ നൽകി ഹോട്ടലുകാർ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ ചാരിറ്റി ബോക്സുമായി കടന്നുകളയുന്നതാണ് പ്രതിയുടെ രീതി. വിവിധ സ്റ്റേഷനുകളിലായി 13 കേസുകൾ നിലവിലുണ്ടെന്ന് നല്ലളം ഇൻസ്പെക്ടർ കെ.സുമിത് കുമാർ അറിയിച്ചു.

നല്ലളം എസ്.ഐ സുനിൽ കുമാർ, എ.സി.പി ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ പി .സി.സുജിത്ത്, എ.എസ്.ഐ അരുൺകുമാർ മാത്തറ, സീനിയർ സി.പി.ഒമാരായ അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, ഐ.ടി.വിനോദ്, സി.പി.ഒമാരായ സുബീഷ് വേങ്ങേരി, അഖിൽ ബാബു, നല്ലളം സീനിയർ സി.പി.ഒ സനത് റാം, സി.പി.ഒ കെ.അനീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

facebook twitter