നെടുമങ്ങാട് - കരകുളം എഞ്ചിനീയറിംഗ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേത് എന്നറിയാനായി ഡിഎന്‍എ പരിശോധന നടത്താന്‍ ഒരുങ്ങി പൊലീസ്. ഡിഎന്‍എ പരിശോധനാഫലം ലഭിച്ചശേഷമാകും തുടര്‍ നടപടികള്‍ ഉണ്ടാവുക. കൂടുതല്‍ ദൃക്സാക്ഷികളുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. മരിച്ചത് കോളേജ് ഉടമ മുഹമ്മദ് അസീസ് താഹയാണെന്നാണ് പ്രഥമിക നിഗമനം. ഇയാളുടെ മൊബൈലും കണ്ണടയും ചെരുപ്പും സംഭവസ്ഥലത്തു നിന്നും പൊലീസിന് ലഭിച്ചിരുന്നു.
സംഭവം നടന്ന സ്ഥലത്തിനടുത്ത് നിന്ന് താഹയുടെ വാഹനം കണ്ടെത്തിയിട്ടുണ്ട്. താഹയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കും. നിലവില്‍ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. പെട്രോള്‍ കൊണ്ടുവന്ന ക്യാനിന്റെ അടപ്പ് മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഫോണ്‍, കണ്ണട, ചെരുപ്പ് എന്നിവയും സംഭവസ്ഥലത്തുണ്ടായിരുന്നു. ഫോണ്‍ ചാരി വെച്ച് ആത്മഹത്യ ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായി സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.