
കോലഞ്ചേരി: രാസലായനി ദേഹത്തുവീണ് ചികിത്സയിലായ നായക്കുട്ടി അവശനിലയില്‍ തുടരുന്നു. പുത്തന്‍കുരിശിനു സമീപം മോനിപ്പള്ളി മേക്കുന്നത്ത് സെബാസ്റ്റ്യന്റെ മകള്‍ നയനയുടെ പൂപ്പി എന്നു വിളിക്കന്ന നായക്കുട്ടിയുടെ ദേഹത്താണ് അജ്ഞാതന്‍ രാസലായനി ഒഴിച്ചത്. ഇന്ത്യന്‍ സ്പിറ്റ്സ് വിഭാഗത്തില്‍പ്പെട്ട മൂന്നുമാസം പ്രായമുള്ള നായക്കുട്ടിയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. നായയുടെ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ആന്തരിക അവയവങ്ങള്‍ പൊള്ളിയതിനാല്‍ കുറച്ച് ആഹാരം മാത്രമേ കഴിക്കുന്നുള്ളു. ഇതുമൂലം നായക്കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളായിട്ടുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടുകാര്‍ പുറത്തുപോയി തിരികെ വന്നപ്പോള്‍ ദേഹത്ത് ചെളിപുരണ്ട പോലെ നിറം മാറിയ നിലയില്‍ നായയെ കണ്ടത്.
മൃഗാശുപത്രിയിലെത്തിയപ്പോഴാണ് രാസലായനി ദേഹത്തുവീണതുമൂലം മുഖവും ദേഹവും പൊള്ളിയതായും രാസലായനി വായ്ക്കുള്ളില്‍ എത്തിയതിനാല്‍ കിഡ്നി, ലിവര്‍ അടക്കമുള്ള ആന്തരിക അവയവങ്ങള്‍ക്ക് തകരാറുണ്ടായതായും കണ്ടെത്തിയത്. കേസെടുത്ത പോലീസ് സംഭവത്തെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച പകല്‍സമയത്താണ് സംഭവം. ഭക്ഷണം കൊടുത്ത് വീടിനു പുറത്തെ കൂട്ടിലാക്കി പുറത്തുപോയ വീട്ടുകാര്‍ തിരികെ എത്തിയപ്പോഴാണ് നായക്കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ പോലീസാണ് നായക്കുട്ടിയെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചത്.
ആദ്യം തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പുത്തന്‍കുരിശിലുള്ള ആശുപത്രിയിലും പരിശോധിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഒഴിച്ചത് രാസപദാര്‍ഥമാണെന്ന് അറിഞ്ഞതെന്നും രാസലായനി വായില്‍ എത്തിയതിനാല്‍ വൃക്ക, കരള്‍ അടക്കമുള്ള ആന്തരികാവയവങ്ങള്‍ക്ക് തകരാറുണ്ടായിട്ടുണ്ടെന്നും നയന പറഞ്ഞു.