ചേന്ദമംഗലം കൂട്ടക്കൊല ; പ്രതി റിതുവിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും

07:56 AM Jan 21, 2025 | Suchithra Sivadas

പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി റിതുവിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. ജനരോഷം കണക്കിലെടുത്ത് വന്‍ സുരക്ഷയിലാകും പ്രതിയെ തെളിവെടുപ്പിന് എത്തിക്കുക. 

രാവിലെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയ്ക്കാകും പ്രതിയുമായി തെളിവെടുപ്പ് നടത്തുക. അതീവ രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് സാധ്യത. നിലവില്‍ വടക്കേക്കര പോലീസിന്റെ കസ്റ്റഡിയില്‍ ആണ് പ്രതി റിതു ഉള്ളത്. 5 ദിവസത്തെ പൊലീസ് കസ്റ്റഡി ആണ് പറവൂര്‍ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അനുവദിച്ചിരിക്കുന്നത്. അതേ സമയം ചികിത്സയിലുള്ള ജിതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തലയില്‍ ശസ്ത്രക്രിയ ചെയ്‌തെങ്കിലും ബോധം തിരിച്ചു കിട്ടിയിട്ടില്ല. ജിതിന്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്

ജനുവരി 18-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയാണ് റിതു. ഇയാളുടെ ആക്രമണത്തില്‍ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു

Trending :