ദക്ഷിണാഫ്രിക്കയുടെ യുവ താരം ഡിവാൾഡ് ബ്രേവിസിനെ പുകഴ്ത്തി മുൻ താരം എബി ഡിവില്ലിയേഴ്‌സ്. ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടി20യിൽ 41 പന്തിൽ നിന്ന് ഡിവാൾഡ് സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. 56 പന്തിൽ നിന്നാണ് താരം 125 റൺസ് അടിച്ചെടുത്തത്.
ഇതിന് പിന്നാലെയാണ് ഡിവില്ലിയേഴ്‌സ് കുറിപ്പുമായെത്തിയത്. ‘ഐപിഎൽ താരലേലത്തിൽ ഡിവാൾഡ് ബ്രേവിസിനെ സ്വന്തമാക്കാൻ ടീമുകൾക്ക് സുവർണാവസരമുണ്ടായിരുന്നു. എന്നാൽ എല്ലാവരും ആ അവസരം നഷ്ടമാക്കി. ഇക്കാര്യത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഭാഗ്യവന്മാരാണ്. അതുമല്ലെങ്കിൽ, അവരുടെ ഏറ്റവും വലിയ മാസ്റ്റർ സ്‌ട്രോക്കാണിത്’, ഡിവില്ലിയേഴ്‌സ് പറഞ്ഞു.
അതേസമയം ഐപിഎൽ 2025 സീസണിൽ ലേലത്തിൽ ആരും വിളിക്കാത്ത ബ്രേവിസിനെ പരിക്കേറ്റ ഗുർജൻപീത് സിംഗിന് പകരക്കാരനായാണ് ചെന്നൈ ടീമിലെടുത്തത്. വെറും ആറ് മത്സരങ്ങൾ കളിച്ച താരം 180 സ്ട്രൈക്ക് റേറ്റിൽ 225 റൺസ് നേടി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ബ്രേവിസിന്റെ പ്രകടനത്തിന്റെ കരുത്തിൽ അടിച്ചെടുത്തത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ്.