പ്രോട്ടീന്റെ ഉറവിടമാണ് ചെറുപയർ. അതായത് മികച്ച സസ്യാധിഷ്ഠിത പ്രോട്ടീൻ സ്രോതസ്സ്. നമ്മുടെ ആഹാരശീലത്തിൽ കുറച്ച് ചെറുപയർ ചേർക്കുന്നത് ദൈനംദിന പ്രോട്ടീൻ ആവശ്യകത നിറവേറ്റാൻ സഹായിക്കുന്നു. ഇത് കൂടാതെ അവശ്യ അമിനോ ആസിഡിന്റെ ഉറവിടം കൂടിയാണ് ചെറുപയർ. ചെറുപയർ മുളപ്പിച്ച് കഴിക്കുന്നത് പ്രോട്ടീൻ ഉള്ളടക്കം വർദ്ധിപ്പികാകനും ആന്റി ഓക്സിഡന്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്.
ചെറുപയറിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നത് വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നുണ്ട്. രക്തധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തി രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്നതിൽ പൊട്ടാസ്യത്തിന്റെ മികച്ച പങ്കുണ്ട്. ഹൃദ്രോഗത്തിന് കാരണമാകുന്ന കൊളസ്‌ട്രോൾ അളവ് സാധാരണ നിലയിൽ കൊണ്ടുവരാനും ആന്റി ഓക്സിഡന്റ് സമ്പന്നമായ ചെറുപയർ കഴിക്കുന്നത് വഴി സാധിക്കും.
നമ്മുടെ ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഫൈബർ അഥവാ നാരുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഫൈബർ ഏറെ നല്ലതാണ്. പെക്ടിൻ പോലുള്ള ലയിക്കുന്ന ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹന വ്യവസ്ഥ ആരോഗ്യമുള്ളതാക്കി തുടരാൻ ഗുണകരമാണ്.
പെക്ടിൻ പോലെ ലയിക്കുന്ന നാരുകൾ ഉള്ളതിനാൽ ശരീരത്തിലെ ഗ്ലൂക്കോസ് വിതരണം നിയന്ത്രണത്തിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയത്തീർക്കാണ് ചെറുപയർ കഴിക്കുന്നത് വഴി സാധിക്കും. ഇത് കൂടാതെ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നോക്കുന്നതിലും സഹായിക്കും. ചെറുപയറിലെ ഉയർന്ന പ്രോട്ടീൻ, ഫൈബർ സവിശേഷതകൾ കൊണ്ടാണ് ഇത് പ്രമേഹ രോഗികൾക്ക് ഗുണകരമാകുന്നത്.
ഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും കഴിക്കാൻ ഏറ്റവും മികച്ച ഓപ്‌ഷനായി ചെറുപയർ തിരഞ്ഞെടുക്കാവുന്നതാണ്. ചെറുപയറിലെ പ്രോട്ടീനും നാരുകളും അധിക നേരം വിശപ്പ് തോന്നാതിരിക്കാൻ സഹായിക്കുന്നുണ്ട്. കൂടാതെ കഴിച്ച് കഴിഞ്ഞാൽ ദീർഘനേരം വയർ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കും.
ഫോളേറ്റ്, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, പിറിഡോക്സിൻ, കാൽസ്യം, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ചെറുപയർ. ഇവയൊക്കെ നമ്മുടെ ആരോഗ്യത്തിന് ഗുണകരമായ പോഷകങ്ങളായതിനാൽ രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്. കൂടാതെ ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കാനായും ഈ പോഷകങ്ങൾ പ്രവർത്തിക്കും.