ബീജാപൂർ: ഛത്തീസ്ഗഡിൽ 22 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ബീജാപൂർ ജില്ലയിലെ ടെക്മെൽട്ട ഗ്രാമത്തിലെ വനപ്രദേശത്ത് പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റ് സംഘം പിടിയിലായത്. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ സംഘത്തിൽ 19 നും 45 നുമിടയിൽ പ്രായമുള്ളവരാണുള്ളത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ബസ്തറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
മാവോയിസ്റ്റുകളിലെ പ്രധാനികളെയാണ് ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ കീഴ്പ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഹൽദാർ, റാമെ എന്നിവരാണ് മരിച്ചത്. ഇവരുടെ തലയ്ക്ക് 13 ലക്ഷം രൂപ വിലയിട്ടിട്ടുണ്ടായിരുന്നു. കൊണ്ടഗാവിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), ബസ്തർ ഫൈറ്റേഴ്‌സ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. കൊണ്ടഗാവ്, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിലുള്ള കിലാം, ബർഗം എന്നീ ഗ്രാമങ്ങളിലാണ് വെടിവെപ്പ് നടന്നത്.