ഛോട്ടാ മുംബൈ റീ റിലീസ് നീട്ടി

08:53 PM May 14, 2025 | Neha Nair

മോഹൻലാൽ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത്, 2007 ൽ പുറത്തെത്തിയ ഛോട്ടാ മുംബൈ എന്ന ചിത്രമാണ് 4 കെ ഡോൾബി അറ്റ്‌മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിൽ എത്തുമെന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

മോഹൻലാലിന്റെ ജന്മദിനമായ മെയ് 21 ന് സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുന്നു എന്ന വാർത്തകൾ ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. എന്നാൽ സിനിമയുടെ ഈ റീ റിലീസ് നീട്ടിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. സിനിമയുടെ നിർമാതാവായ മണിയൻപിളള രാജുവാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

മോഹൻലാൽ ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടുന്നത് എന്ന് മണിയൻപിളള രാജു പങ്കുവെച്ചിരിക്കുന്ന പോസ്റ്ററിൽ പറയുന്നു. ജൂണിലായിരിക്കും ചിത്രം എത്തുക.

ഛോട്ടാ മുംബൈയിലെ സീനുകൾക്കും തമാശകൾക്കും പാട്ടുകൾക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുൽ രാജായിരുന്നു സംഗീതസംവിധാനം. സിദ്ദിഖിന്റെ മുള്ളൻ ചന്ദ്രപ്പനും, ജഗതിയുടെ പടക്കം ബഷീറും, കലാഭവൻ മണിയുടെ വില്ലൻ വേഷവും ബിജുക്കുട്ടന്റെ സുശീലനും രാജൻ പി ദേവന്റെ പാമ്പ് ചാക്കോച്ചനും ഭാവനയുടെ ലതയും തുടങ്ങി ഇന്നും സിനിമയിലെ ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ നിര വലുതാണ്.