അക്രമാസക്തി കുറയ്ക്കാൻ തെരുവുനായ്ക്കൾക്ക് ദിവസവും ചിക്കനും ചോറും; പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ

12:12 PM Jul 12, 2025 | Renjini kannur

ബെംഗളൂരു: തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കാൻ പുതിയ പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ. എല്ലാ ദിവസവും ഒരു നേരം വെച്ച് കോഴിയിറച്ചിയും ചോറും നൽകുന്നതാണ് പദ്ധതി. നഗരത്തിലെ ഏകദേശം 5000ത്തോളം വരുന്ന തെരുവുനായ്ക്കൾക്കാണ് ഈ 'ആനുകൂല്യം' ലഭിക്കുക.അനിമൽ വെൽഫെയർ ബോർഡിന്റെ നിർദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് മാർഗരേഖകളും അനുസരിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 

150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയിൽ എന്നിവയാണ് തെരുവുനായ്ക്കൾക്ക് നൽകുക. 22.49 രൂപയാണ് ഒരു നായയുടെ ഭക്ഷണചിലവായി കോർപ്പറേഷൻ കണക്കാക്കുന്നത്. ഒരു വർഷത്തേയ്ക്ക് 2.9 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെക്കപ്പെട്ടിട്ടുള്ളത്.

നേരത്തെ തെരുവുനായകൾക്ക് കോർപ്പറേഷൻ ഭക്ഷണം എത്തിച്ച് നല്കിയിരുന്നു. ഇതാദ്യമായാണ് സസ്യേതര ഭക്ഷണം നൽകുന്നത്.നഗരത്തിൽ ആകെ എട്ട് സോണുകളാണ് ഉള്ളത്. അതിൽ ഓരോ സോണിനും 36 ലക്ഷം രൂപ വീതമാണ് അനുവദിക്കുക. 500 നായ്ക്കൾക്ക് ഓരോ കേന്ദ്രത്തിലും ഭക്ഷണം നൽകാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.