ന്യൂഡൽഹി: ഉപയോഗത്തിലൂടെ വഖഫിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതിയിൽ ചില പ്രശ്നങ്ങളുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭൂതകാലം തിരുത്തിയെഴുതാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാറിനെ ഓർമിപ്പിച്ചു. 100ഉം 200ഉം വർഷങ്ങൾക്ക് മുമ്പ് വഖഫ് ചെയ്ത സ്വത്തുക്കൾ വഖഫ് ബോർഡ് പിന്നീട് ഏറ്റെടുത്തെന്ന കാരണത്താൽ അവ വഖഫ് അല്ലാതാകുമെന്ന് സർക്കാർ പറയുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഓർമപ്പെടുത്തൽ.
ഉപയോഗത്തിലൂടെയുള്ള വഖഫ് രജിസ്റ്റർ ചെയ്തതല്ലെങ്കിൽ ഡീനോട്ടിഫൈ ചെയ്യുമെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞപ്പോഴായിരുന്നു ഇത്. ഉപയോഗത്തിലൂടെയുള്ള വഖഫ് നിയമത്തിൽ പറയുമ്പോലെ രജിസ്റ്റർ ചെയ്യുക പ്രയാസമാണ്. കാലങ്ങളായി ഉപയോഗത്തിലുള്ള ഒരു വഖഫ് സ്വത്തിന്റെ വാഖിഫ് (വഖഫ് ചെയ്തയാൾ) ആരാണ് എന്ന് പറയാനാകുമോ? അതിനാൽ ഉപയോഗത്തിലൂടെ വഖഫായി അംഗീകരിച്ച സ്വത്തുക്കൾ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വഖഫല്ലാതാക്കി മാറ്റുമോ എന്നും ബെഞ്ച് ചോദിച്ചു.
വഖഫായി കോടതി വിധിച്ചതും വഖഫ് അല്ലാതായി മാറുമെന്ന് നിയമത്തിൽ എഴുതിവെച്ചത് സോളിസിറ്റർ ജനറൽ മേത്തയെകൊണ്ട് വായിപ്പിച്ച ചീഫ് ജസ്റ്റിസ്, കോടതി വിധികൾ അംഗീകരിക്കില്ല എന്ന് ഒരു നിയമത്തിൽ പറയാൻ പാടില്ലെന്ന് ഓർമിപ്പിച്ചു. ജില്ല കലക്ടർക്ക് കോടതിയുടെ അധികാരം കൊടുത്തതും ചീഫ് ജസ്റ്റിസ് ചോദ്യം ചെയ്തു. കോടതികളുടെ തീരുമാനം കലക്ടർക്ക് വിടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.