
പത്തനംതിട്ട : ലഹരിക്കെതിരെ സമൂഹം ഒന്നിക്കണമെന്നും കൂട്ടായ്മയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി വേണ്ട എന്ന് പറയാനുള്ള ആർജവം യുവതലമുറ നേടണം. പൊതുസമൂഹത്തിന്റെ പൂർണ പിന്തുണ ഇതിനാവശ്യമാണ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടന്ന പത്തനംതിട്ട ജില്ലാതല സംവാദത്തിൽ സംസ്ഥാന പാഠപുസ്തക നിർമാണ സമിതി അംഗം ഡോ. അജിത് ആർ പിള്ളയുടെ കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ എന്ത് നടപടിയാണ് സർക്കാർ സ്വീകരിക്കുകയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ലഹരിക്കെതിരായ പ്രവർത്തനം പൂർണ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ബോധവൽക്കരണമാണ് പ്രധാന മാർഗം. കുട്ടികൾ ലഹരി ഉപയോഗിക്കാതിരിക്കാനുള്ള ശ്രമമുണ്ടാകണം. അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പിന്തുണ ആവശ്യമാണ്. രക്ഷിതാകൾക്ക് പരിശീലനം നൽകണം. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകാൻ അധ്യാപകർക്കാകണം. ലഹരിക്കെതിരായ പ്രവർത്തനം പാഠഭാഗങ്ങളിൽ ഉൾപ്പെടുത്താൻ കഴിയുമോയെന്ന് പരിശോധിക്കും. കുട്ടികളുടെ സാമൂഹിക വളർച്ച മനസിലാക്കണം. ലഹരിയിലേക്ക് കുട്ടികൾ എങ്ങനെ എത്തുന്നുവെന്ന് തിരിച്ചറിഞ്ഞ് അവ തിരുത്തണം.
കലാ, കായിക പഠനത്തിന് സ്‌കൂളുകളിൽ സമയം കണ്ടെത്തണം. സ്‌കൂൾ വിടുന്നതിന് മുമ്പ് കുട്ടികളെ ഒന്നിച്ച് ചേർത്ത് വ്യായാമവും സ്‌കൂബാ ഡാൻസും നൽകണം. പഠനത്തിന്റെ ഭാഗമായുള്ള മാനസിക സമർദം ഒഴിവാകാൻ ഇത് സഹായിക്കും. ഇതിനായി അധ്യാപകർക്ക് പരിശീലനം നൽകണം. ലഹരി ഉപയോഗിക്കുന്നവരെ കൗൺസിലിങ്ങിലൂടെ മാറ്റാൻ ശ്രമമുണ്ടാകണം. ഇതിന് സാധിക്കാത്തവരെ ഡി അഡിക്ഷൻ സെന്ററിലാക്കണം. ഇവരെ അകറ്റുകയല്ല ചേർത്തുപിടിക്കുകയാണ് വേണ്ടത്.
വിദ്യാലയങ്ങളുടെ അടുത്ത് ലഹരി വിൽക്കുന്നവർക്കെതിരെ അധ്യാപക- രക്ഷാകർത്താ സമിതി ജാഗ്രത പുലർത്തണം. ഇവ ശ്രദ്ധയിൽ പെട്ടാൽ ടോൾ ഫ്രീ നമ്പറിലൂടെ പരാതിപ്പെടാം. പരാതിപ്പെടുന്നവരുടെ വിവരം രഹസ്യമായിരിക്കും. സർക്കാർ പര്യസങ്ങളിൽ ഈ നമ്പർ ഉൾപ്പെടുത്തും. പരാതിക്കാരെക്കുറിച്ച് വിവരം പുറത്തറിഞ്ഞാൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ സർവീസിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലിസ്, എക്സൈസിന്റെ പ്രവർത്തനം പ്രശംസീനയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.