
പത്തനംതിട്ട : സമാനതകളില്ലാത്ത വികസനത്തിനാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സംസ്ഥാനം സാക്ഷ്യം വഹിച്ചതെന്ന് അധ്യക്ഷ പ്രസംഗത്തിൽ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലും സമാനമായ വികസനമാണ് ഇക്കാലയളവിൽ നടന്നത്. 9 വർഷം മുൻപ് ആധുനിക രീതിയിൽ ടാർ ചെയ്ത ഒരു റോഡുപോലും പത്തനംതിട്ട നഗരത്തിൽ ഇല്ലായിരുന്നു. ഇന്ന് അഞ്ച് നിയോജക മണ്ഡലങ്ങളിലും എല്ലാ റോഡുകളും കിഫ്ബി ഉൾപ്പെടെ വിവിധ പദ്ധതികളിലൂടെ ആധുനിക രീതിയിൽ സഞ്ചാരയോഗ്യമാക്കി.
അങ്ങനെ എല്ലാ രംഗത്തും പത്തനംതിട്ട ജില്ലയിൽ വൻവികസനമാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ സർക്കാർ സ്‌കൂളുകളും ഹൈടെക്ക് ആയി മാറുന്നു. പത്തനംതിട്ടയിൽ കോന്നി മെഡിക്കൽ കോളജ് എന്ന സ്വപ്നം യാഥാർഥ്യമായി. ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും കോടിക്കണക്കിന് രൂപയുടെ വികസനമാണ് നടന്നതും നടന്നുകൊണ്ടിരിക്കുന്നത്. പുതിയ ടൂറിസം പദ്ധതികൾ വന്നു. വിവിധ ക്ഷേമ പദ്ധതികൾ വന്നു. 14 ജില്ലകളിൽ ഇത്തരത്തിലുള്ള വികസനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇലന്തൂർ തൂക്കുപാലം പെട്രാസ് കൺവെൻഷൻ സെന്ററിൽ നടന്ന പത്തനംതിട്ട ജില്ലാതലയോഗത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ മാത്യു ടി തോമസ്, കെ.യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രാഹാം, ജില്ലാ കലക്ടർ എസ്.പ്രേം കൃഷ്ണൻ, ജില്ലാ ഇഫർമേഷൻ ഓഫീസർ സി ടി ജോൺ, ക്ഷണിക്കപ്പെട്ട അതിഥികൾ, ജില്ലാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.