മത്സരം തെരഞ്ഞെടുപ്പിൽ മാത്രമാണ്, നാടിന് ഗുണം ചെയ്യുന്ന കാര്യം അംഗീകരിക്കേണ്ടത് അല്ലേ? എല്ലാകാര്യത്തെയും എതിർക്കുന്നത് ആണോ പ്രതിപക്ഷം? : മുഖ്യമന്ത്രി

12:10 PM Oct 21, 2025 |


കോഴിക്കോട്: നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ടെന്നും അതാണ് ഇവിടെ ഇപ്പോള്‍ കാണുന്നതെന്നും അതൊന്നും അംഗീകരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് കല്ലുത്താൻ കടവിലെ പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷം ഉദ്ഘാടന പരിപാടിയിൽ നിന്നും വിട്ട് നിൽക്കുന്നു. കോൺഗ്രസ്‌ -ലീഗ് അംഗങ്ങൾ ആരുമില്ല. സ്ഥലം എംപിയും പരിപാടിയിൽ ഇല്ല. എല്ലാകാര്യത്തെയും എതിർക്കുന്നത് ആണോ പ്രതിപക്ഷം?. നല്ല കാര്യങ്ങൾക്ക് പിന്തുണ നൽകണം. കണ്‍മുന്നിലുള്ള നേട്ടങ്ങൾ പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുകയാണ്.

ഒരുപാട് നാടകങ്ങള്‍ കാണേണ്ട സാഹചര്യമാണുള്ളത്. പ്രതിഷേധക്കാരുടെ കൂടെ നിന്നവരിൽ ചിലർ ഇപ്പോഴില്ല. എന്താണ് നല്ല കാര്യത്തെ അംഗീകരിക്കാത്തത്? എന്താണ് ഇതിനുപിന്നിലെ ചേതോവികാരം? നാടിന് ഗുണം ചെയ്യുന്ന കാര്യം അംഗീകരിക്കേണ്ടത് അല്ലേ? മത്സരം തെരഞ്ഞെടുപ്പിൽ മാത്രമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വികസനത്തെ പിന്തുണക്കണം. ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ട്. പ്രതിപക്ഷം തിരുത്തുമെന്ന് കരുതുന്നില്ല. അത് ജനങ്ങൾ മനസിലാക്കുമെന്നും ഈ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റാണ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നത്. ഒരു വിഭാഗം വ്യാപാരികള്‍ മാര്‍ക്കറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉദ്ഘാടനത്തിന് മുമ്പായി പാളയം മാര്‍ക്കറ്റ് മാറ്റുന്നതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിൽ സംഘര്‍ഷവുമുണ്ടായിരുന്നു.

 പ്രതിഷേധങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. പ്രതിഷേധം നടത്തുന്ന കച്ചവടക്കാരും തൊഴിലാളികളുമായും വീണ്ടും ചർച്ച നടത്തുമെന്ന് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പാളയം മാർക്കറ്റ് നിന്നും ഇവിടേക്ക് വരുമ്പോൾ പ്രശ്നങ്ങൾ തീരും. എന്തിനാണ് പ്രതിഷേധമെന്ന് അറിയില്ല. നഗരം വികസിക്കണം അതിനാണ് പദ്ധതിയെന്നും മുസാഫര്‍ അഹമ്മദ് പറഞ്ഞു.