
ഭൂവിനിയോഗ വകുപ്പ് തുടക്കം കുറിക്കുന്ന സമുചിത വിള നിർണ്ണയ പദ്ധതി കാർഷിക മേഖലയുടെ ഉന്നമനത്തിനു ഉപയോഗപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രകൃതി വിഭവങ്ങളുടെ വിവേക പൂർണ്ണമായ ഉപയോഗവും സുസ്ഥിര കാർഷിക പരിപാലനവുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഭൂവിനിയോഗ വകുപ്പ് സംഘടിപ്പിച്ച സമുചിത വിള നിർണ്ണയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജി ഐ എസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫീൽഡ് സർവ്വേകളിലൂടെ നിലവിലെ ഭൂവിനിയോഗ ക്രമം പഠന വിധേയമാക്കി ഗ്രാമ പഞ്ചായത്ത് തലത്തിൽ വിള ഭൂപടങ്ങൾ തയ്യാറാക്കും. ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകൾ പദ്ധതിയിലൂടെ ശുപാർശ ചെയ്യും. കേരളത്തിന്റെ കാർഷിക മേഖല വളരെയധികം സവിശേഷതകൾ നിറഞ്ഞതാണെന്നും കൂടുതൽ മെച്ചപ്പെട്ട ഉത്പാദനം കൈവരിക്കുന്നതിന് കാർഷിക മേഖലയെ നയിക്കാൻ സമുചിത വിള നിർണ്ണയ പദ്ധതി സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചരക്കണ്ടി സമുചിത വിള നിർണ്ണയം പദ്ധതി റിപ്പോർട്ട് പ്രകാശനവും ഭൂവിനിയോഗ വകുപ്പ് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കിയ വെബ് അധിഷ്ഠിത ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം ഭൂവിവര സംവിധാനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയുടെ പുതുക്കിയ ഭൂവിനിയോഗവും മറ്റു പ്രകൃതി വിഭവങ്ങളും ഉൾപ്പെടുത്തിയ LRIS 2.0, പ്രകാശനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവ്വഹിച്ചു.
മ്യൂസിയം രജിസ്ട്രഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭൂവിനിയോഗ കമ്മീഷണർ യാസ്മിൻ എൽ റഷീദ് സ്വാഗതം ആശംസിച്ചു. കണ്ണൂർ മേയർ മ്യൂസ്ലിഹ് മഠത്തിൽ, നഗരസഭ ക്ഷേമകാര്യ ചെയർപേഴ്സൻ ഷമീമ ടീച്ചർ, തദ്ദേശ സ്വയഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ റ്റി. ജെ., ഭൂവിനിയോഗ വകുപ്പ് ജോയിന്റ് ഡയറക്ടർ ടീന ഭാസ്കരൻ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, പ്രിൻസിപ്പൽ ആഗ്രകൾച്ചറൽ ഓഫീസർ കെ എൻ ജ്യോതി കുമാരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.