+

സംസ്ഥാനത്തെ വിദ്യാഭ്യാസമേഖല രാജ്യത്തിന് മാതൃകാപരം: മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കി ജില്ലയിലെ മലയോര ജനതയുടെ വിവിധ പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്ത് മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം. തോട്ടം മേഖല, പുതിയ കോഴ്സുകൾ, മൂന്നാറിലെ ടൂറിസം വികസനം, പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള കർമ്മ സമിതി രൂപീകരണം, ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ, ഇടുക്കി മെഡിക്കൽ കോളേജിൻ്റെയും ജില്ലാ ആശുപത്രിയുടെയും വികസനം, ക്ഷീര വികസനം, വന്യമൃഗ ആക്രമണം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ചർച്ച നടന്നു.

ഇടുക്കി :  ഇടുക്കി ജില്ലയിലെ മലയോര ജനതയുടെ വിവിധ പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്ത് മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം. തോട്ടം മേഖല, പുതിയ കോഴ്സുകൾ, മൂന്നാറിലെ ടൂറിസം വികസനം, പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള കർമ്മ സമിതി രൂപീകരണം, ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ, ഇടുക്കി മെഡിക്കൽ കോളേജിൻ്റെയും ജില്ലാ ആശുപത്രിയുടെയും വികസനം, ക്ഷീര വികസനം, വന്യമൃഗ ആക്രമണം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ചർച്ച നടന്നു.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുങ്കണ്ടം  ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സംഘടിപ്പിച്ച ജില്ലാതല യോഗത്തിൽ വ്യക്തികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിൽ ആദ്യത്തെ 12 സർവകലാശാല റാങ്കുകളിൽ 3 എണ്ണം കേരളത്തിൽ നിന്നുള്ളതാണ്. കേരള സർവകലാശാല, കുസാറ്റ്, മഹാത്മഗാന്ധി  സർവകലാശാലകൾ ദേശിയ തലത്തിൽ യഥാക്രമം 9, 10,11 റാങ്കുകളാണുള്ളത്. സംസ്ഥാനത്തെ നിരവധി കോളേജുകളും ദേശീയ- അന്തർ ദേശിയ നിലവാരത്തിലുള്ള പ്രവർത്തനം കാഴ്ച വെക്കുന്നുണ്ട്.

സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് നിന്ന് കേരളത്തിൽ വന്ന് ഉന്നത വിദ്യാഭ്യസം നേടുന്നവരുണ്ട്. ഇത് സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും അടിസ്ഥാന വികസനം ഉൾപ്പെടെ  നൂതന കോഴ്സുകൾ ആരംഭിച്ച് വിദ്യഭ്യാസ രംഗത്ത്  സമഗ്രമാറ്റമാണ് സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ രാജ്യത്തിന് പുറത്ത് പോയി പഠിക്കുന്നത് അവരുടെ തീരുമാനമാണെന്നും അത് വിദ്യാഭ്യാസ നിലവാരം പിന്നാക്കമായതിനാൽ അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
   നിർമാണ മേഖല സംബന്ധിച്ച ക്വാറികളുടെ പ്രവർത്തനം ഹൈ കോടതി തടഞ്ഞതിനാലാണ് പ്രശ്നങ്ങൾ ഉണ്ടായത്. എന്നാൽ ഇത് സംബന്ധിച്ചു സർക്കാർ തുടർ നടപടകൾ സ്വീകരിച്ചു വരികയാണ്. വിവിധ പ്രാദേശങ്ങളിൽ നിന്ന് നിർമാണ സാമഗ്രികൾ ഇവിടെ എത്തിക്കുക പ്രയാസമാണ്. അതിനാൽ നിർമാണ പ്രവർത്തനങ്ങൾക്ക് ക്വാറികൾ പ്രവർത്തിക്കാതെ പറ്റില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏലത്തോട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യാതൊരു വിധ ആശങ്കളും വേണ്ട. ദീർഘകാലങ്ങളായി  സർക്കാരുകൾ സ്വീകരിച്ചു വരുന്ന നടപടികളാണ് ഇപ്പോഴും തുടർന്ന് വരുന്നത്.


  വന്യജീവി ആക്രമണം പ്രതിരോധിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനം വകുപ്പും സംയുക്തമായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വന്യജീവികൾക്ക് വനത്തിനുള്ളിൽ തന്നെ വെള്ളവും ഭക്ഷണവും ലഭ്യമാക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചു വരുന്നു. ഇതിൻ്റെ ഭാഗമായി കുളങ്ങളും മഴവെള്ള സംഭരണികളും നിർമിച്ചു വരുന്നു. വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ കിടങ്ങുകൾ, വൈദ്യുത- സോളാർ ഫെൻസിംഗുകളും സ്ഥാപിക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് വന്യമൃഗങ്ങൾക്ക് സംരക്ഷണം നൽകുന്ന നിയമമാണുള്ളത്. നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് കഴിയില്ല. വനം- വന്യജീവി സംരക്ഷണ നിയമത്തിൽ കാലാനുസൃതമായി മാറ്റം വരുത്തണമെന്ന് നിരന്തരമായി കേന്ദ്ര  സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നതാണ്. ഇത് തുടരുക തന്നെ ചെയ്യും. വനാതിർത്തിയിലുള്ളവരെ ഒഴിപ്പിക്കുന്ന നടപടി സർക്കാർ  സ്വീകരിക്കില്ലെന്നും  പുനരധിവാസത്തിനാണ് പ്രാധാന്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രദേശവാസികളെ കൂട്ടിച്ചേർത്ത് തദ്ദേശ സ്വയം ഭരണ വകുപ്പും, വനം വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  


ഇടുക്കി ജില്ലയിൽ ടൂറിസം മേഖല നല്ല രീതിയിൽ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി സൗഹാർദ അന്തരീക്ഷം നിലനിർത്തി ടൂറിസം ശക്തിപ്പെടുത്തുന്നതാണ് സർക്കാർ നയം. ടൂറിസം കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന നൽകി സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകളുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തോട്ടം മേഖല, ദുരന്ത നിവാരണ  ടാസ്ക് ഫോഴ്സ്, ആരോഗ്യ മേഖല, ക്ഷീര മേഖല, കാർഷിക മേഖല, ഭൂപ്രശ്നം തുടങ്ങി വിവിധ മേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി.ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറത്തിറക്കിയ ജില്ലയുടെ വികസന പുരോഗതി രേഖ - വികസന വഴിയിൽ - എൻ്റെ ഇടുക്കി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി റോഷി അഗസ്റ്റിന് നൽകി പ്രകാശനം ചെയ്തു.

facebook twitter