+

600 കോടി രൂപ ചിലവിൽ മൂന്ന് സയൻസ് പാർക്കുകൾ യാഥാർഥ്യമാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

600 കോടി രൂപ ചിലവിൽ മൂന്ന് സയൻസ് പാർക്കുകൾ യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്‌മോ പൊളിറ്റൻ ക്ലബിൽ നടന്ന ജില്ലാ തല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പാലക്കാട് : 600 കോടി രൂപ ചിലവിൽ മൂന്ന് സയൻസ് പാർക്കുകൾ യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്‌മോ പൊളിറ്റൻ ക്ലബിൽ നടന്ന ജില്ലാ തല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മൂന്ന് സയൻസ് പാർക്കുകൾ യാഥാർഥ്യമാക്കുന്നതോടെ കേരളം ആധുനിക വിജ്ഞാന ഉത്പാദന കേന്ദ്രമായി മാറും. കഴിഞ്ഞ ഒമ്പത് വർഷക്കാലം നടപ്പാവില്ലെന്ന് കരുതിയ പലതും യാഥാർഥ്യമാക്കാൻ സർക്കാറിനായി.  തനത് വരുമാനം വർധിച്ചതിനാലാണ് പ്രതിസന്ധികൾക്കിടയിലും സർക്കാർ പിടിച്ച് നിന്നത്.കോവിഡ് എല്ലാവരുടേത് പോലെ നമുക്കും തിരിച്ചടിയായി. 2023-2024 ആയപ്പോൾ തനത് വരുമാനം 72.84 ആയി വർധിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിലെ മാത്രം തനത് വരുമാന നികുതി 47000 കോടിയിൽ നിന്ന് 81000 കോടിയായി വർധിക്കാൻ കഴിഞ്ഞു. ആകെയുള്ള തനത് വരുമാനം 55000 കോടിയിൽ നിന്ന് ഒരു ലക്ഷത്തി നാലായിരം കോടിയായി വർധിച്ചു. പൊതു കടവും ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അന്തരം 36 ശതമാനത്തിൽ നിന്ന് 34 ശതമാനമായി കുറക്കാൻ കഴിഞ്ഞു. ആഭ്യന്തര ഉൽപാദനം 1311000 കോടി രൂപയായി ഉയർന്നു.
ആർ.ബി.ഐയുടെ കണക്ക് പ്രകാരം പ്രതിശീർഷ വരുമാനത്തിൽ കേരളം വളർന്നു. പ്രതിശീർഷ വരുമാനം 2,28000 രൂപയായി ഉയർന്നു. ഐ.ടി മേഖലയിലും 1106 കമ്പനികൾ പുതുതായി ഉണ്ടായി. തൊഴിലെടുത്തവരുടെ എണ്ണം 1,48000 ആയി ഉയർന്നു. ഐ.ടി കയറ്റുമതിയും 90,000 കോടിയായി ഉയർന്നു.

സ്റ്റാർട്ട് അപ്പുകളുടെ കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയായി 6300 സ്റ്റാർട്ട് അപ്പുകളായി വളർന്നു. 5800 കോടിയുടെ നിക്ഷേപവും, 60000 തൊഴിലവസരങ്ങളും സ്റ്റാർട്ട് അപ്പുകളിലൂടെ നേടാനായി. ഇനി അടുത്ത വർഷങ്ങളിൽ 15,000 സ്റ്റാർട്ട് അപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളുമാണ്  സർക്കാർ ലക്ഷ്യമിടുന്നത്.ഗ്രഫീൻ ഇന്നൊവേഷൻ സെന്റർ, കൊച്ചിയിലെ വാട്ടർ മെട്രോ, തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി എന്നിവയെല്ലാം സർക്കാറിന്റെ വികസന പ്രവർത്തനങ്ങളിലെ നാഴികകല്ലാണ്. ആയുർവേദ രംഗത്ത് ഒരു ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് പോവുകയാണ്. സോഫ്റ്റ് വെയർ വികസനത്തിൽ നേരത്തെ മുതൽ നമ്മൾ വളർന്നിട്ടുണ്ട്. ഇപ്പോൾ ഹാർഡ് വെയറിലും സോളാർ പാനലിലും മറ്റു എല്ലാ മേഖലകളിലും ഉത്പാദനം യാഥാർഥ്യമാക്കാനുള്ള നീക്കങ്ങളാണ് നടപ്പിലാക്കുന്നത്. വ്യാവസായിക വളർച്ച 17 ശതമാനമായും നിർമാണ മേഖല 14 ശതമാനമായും ഉയർത്തി.

പുതിയ വ്യവസായികളെ ആകർഷിക്കാനും പുതിയ വ്യവസായ സ്ഥാപനങ്ങൾ വരാനുമായി കേരളത്തെ നിക്ഷേപ സൗഹൃദമാക്കി.നിക്ഷേപ സൗഹൃദമെന്ന രീതിയിൽ രാജ്യത്ത് സംസ്ഥാനം ഒന്നാമതായി. എം.എസ്.എം.ഇ മേഖലയിൽ ബെസ്റ്റ് പ്രാക്ടീസ് ആയി രാജ്യം കേരളത്തെ വിലയിരുത്തി. കഴിഞ്ഞ വർഷം വരെ മൂന്ന് ലക്ഷത്തിലധികം സംരംഭങ്ങളുണ്ടായി. വ്യവസായ സ്ഥാപനങ്ങളിൽ പരിശോധന നടത്താനുള്ള ഓൺലൈൻ സംവിധാനമായ കെ.സ്വിസ്സ് പ്രാവർത്തികമായി കഴിഞ്ഞു. ഇതുവഴി നിരവധി പരാതികളാണ് ലഭിക്കുന്നത്. എൻ.എസ്.ഒ യുടെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും ദാരിദ്യം കുറഞ്ഞ സംസ്ഥാനവും, ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനവുമായി കേരളം മാറി.  ഇതെല്ലാം സാധിച്ചത് സംസ്ഥാനത്തെ പൊതുവിപണി രംഗം ശക്തമാക്കിയതിനാലാണ്. വിപണി ഇടപെടലിൽ 14000 കോടി രൂപ ചിലവഴിച്ചു.
നാലേകാൽ ലക്ഷത്തോളം മുൻഗണന കാർഡുകൾ നൽകാനായി. വർഗിയ കലാപമോ ഉയർന്ന ശിക്ഷാ വിധികളൊന്നും ഇല്ലാത്തത് കേരളത്തിന്റെ ക്രമസമാധാനം നല്ലരീതിയിലെന്ന് സൂചിപ്പിക്കുന്നതാണ്. പൊതുജീവിതം ശാന്തമാണ്.

വൈദ്യുതി രംഗത്ത് ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പ് വരുത്താൻ സംസ്ഥാനത്തിനായിട്ടുണ്ട്. ക്ഷേമപദ്ധതികളിലും മികവ് കാണിക്കാൻ സർക്കാറിനായി. ക്ഷേമ പെൻഷൻ 1600 രൂപയായി വർധിപ്പിക്കുകയും അത് കൃത്യമായി വിതരണം ചെയ്യാനുമായി. ലൈഫ് മിഷനിലൂടെ നാല് ലക്ഷത്തിലധികം വീടുകളിൽ ആളുകൾ താമസിക്കുന്നു. ബാക്കിയുള്ള വീടുകൾ പൂർത്തീകരണ പുരോഗതിയിലാണ്. 357000 പട്ടയങ്ങൾ നൽകാനായി. ബാക്കിയുള്ളവ അടുത്ത ദിവസങ്ങളിൽ നൽകും. അതി ദാരിദ്യം അടുത്ത നവംബറോടുകൂടി ഇല്ലാതാക്കും. നിലവിൽ 75 ശതമാനം അതിദരിദ്രരെ മോചിപ്പിച്ചു.

ആരോഗ്യ മേഖല, പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനായി. കാർഷിക രംഗം  6, 4 ശതമാനമായി ഉയർന്നു. നെൽകൃഷി 223000 ഹെക്ടറിലായി വികസിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 14498 ഹെക്ടർ നെൽവയലുകൾക്കാണ് റൊയൽറ്റി ലഭ്യമാക്കിയത്.  ഇത്തരത്തിൽ എല്ലാ മേഖലയിലും വളർച്ചയുണ്ടായി. ജനങ്ങളുടെ പിന്തുണയും നിർദേശങ്ങളുമാണ് സർക്കാറിന് ഗുണകരമായ രീതിയിലുള്ള പ്രവർത്തനത്തിന് കാരണമായതെന്നും മന്ത്രി കൂട്ടിചേർത്തു.

facebook twitter