'അങ്ങനെ നമ്മൾ ഇതും നേടി'… വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷ പ്രസംഗം തുടങ്ങിയത് ഇങ്ങനെയായിരുന്നു.
വിഴിഞ്ഞം പദ്ധതിയെ വിവിധ ഘട്ടങ്ങളിൽ തടസ്സപ്പെടുത്തുന്നതിന് സ്ഥാപിത താൽപര്യക്കാർ പടർത്താൻ ശ്രമിച്ച തെറ്റിദ്ധാരണകളെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിജീവിച്ചു. നിയമക്കുരുക്കുകളടക്കം നീക്കി. തീരദേശ പുനരധിവാസ - ജീവനോപാധി പ്രശ്നങ്ങൾ 120 കോടി ചെലവാക്കി പരിഹരിച്ചു. അവിടുത്തെ പെൺകുട്ടികളെ ക്രെയിൻ പ്രവർത്തിപ്പിക്കുന്ന ജോലിയടക്കം ഏൽപ്പിച്ചു. തദ്ദേശീയ സ്ത്രീകൾക്കായി നൈപുണ്യ കേന്ദ്രങ്ങൾ തുറന്നു. ഇങ്ങനെ പ്രശ്നങ്ങൾ പരിഹരിച്ച് സങ്കടങ്ങൾക്ക് അറുതിയുണ്ടാക്കിയാണു സംസ്ഥാന സർക്കാർ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോയത്. അയ്യായിരത്തിലധികം തൊഴിലവസരങ്ങളാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി നേരിട്ടു ലഭ്യമാകുന്നത്. കേരളത്തിന്റെ അതിനപ്പുറം ഇന്ത്യയുടെയാകെ വികസനത്തെ വിഴിഞ്ഞം തുറമുഖം വലിയ തോതിൽ ഭദ്രമാക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സ്വപ്നസാഫല്യവും അഭിമാന മുഹൂർത്തവുമായ വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിക്കുന്നത് മൂന്നാം മിലീനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ്. ഇന്ത്യയെ സാർവദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്സ് ഭൂപട ശൃംഖലയിൽ കണ്ണിചേർക്കുന്ന മഹാസംരംഭമാണിത്. രാജ്യചരിത്രത്തിന്റെ വിസ്മൃതിയിൽ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ചു വികസിപ്പിച്ചു സാർവദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ സർക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യമായാണ് ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ മുൻകൈയിൽ ഒരു ബൃഹത് തുറമുഖ നിർമ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയിൽ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞംപോർട്ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്. തിരിച്ചടയ്ക്കേണ്ട 818 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണു കേന്ദ്രം നൽകുന്നത്. ഈ തുറമുഖത്തോടെ 220 ദശലക്ഷം ഡോളറിന്റെ പ്രതിവർഷ രാഷ്ട്ര നഷ്ടം നികന്നു തുടങ്ങുകയാണ്. 75 ശതമാനം കണ്ടയിനർ ട്രാൻസ്ഷിപ്പ്മെന്റ് കാർഗോ വിദേശ തുറമുഖങ്ങളിലേക്കു തിരിച്ചു വിടുകയായിരുന്നു ഇക്കാലമത്രയും. അത് അവസാനിക്കുകയാണ്. രാഷ്ട്ര നഷ്ടം വലിയൊരളവിൽ പരിഹരിക്കാൻ കേരളത്തിനു കഴിയുന്നു എന്നതു കേരളീയർക്കാകെ അഭിമാനകരമാണ്. കരാർ പ്രകാരം 2045 ൽ മാത്രമേ ഇതു പൂർത്തിയാവേണ്ടതുള്ളു. നമ്മൾ അതിനു കാത്തുനിന്നില്ല. 2024 ൽ തന്നെ കൊമേഴ്സ്യൽ ഓപ്പറേഷനാരംഭിച്ചു. മദർഷിപ്പിനെ സ്വീകരിച്ചു. തുടർന്നിങ്ങോട്ട് 250 ലേറെ കപ്പലുകൾ വിഴിഞ്ഞത്തു നങ്കൂരമിട്ടു. ഇപ്പോഴിതാ ഒന്നാം ഘട്ടം പതിറ്റാണ്ടു മുമ്പു പൂർത്തിയാക്കി കമ്മീഷൻ ചെയ്യുന്നു. 2028 ൽ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കും.
മഹാപ്രളയം, ഇതര പ്രകൃതിക്ഷോഭങ്ങൾ, കോവിഡ് അടക്കമുള്ള മഹാവ്യാധികൾ എന്നിവയൊക്കെ സമ്പദ്ഘടനയെ ഉലച്ചുവെങ്കിലും കേരളം അവിടെ തളർന്നുനിന്നില്ല. നിർമാണ കമ്പനിയായ അദാനിയും നല്ല രീതിയിൽ സഹകരിച്ചു. 1996 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ രൂപപ്പെടുത്തിയ പദ്ധതിയാണിവിടെ യാഥാർത്ഥ്യമാവുന്നത്. ഇടക്കാലത്ത് അനിശ്ചിതത്വത്തിലായ പദ്ധതിയുടെ പഠനത്തിനായി 2009 ൽ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനെ നിയോഗിച്ചു. 2010 ൽ ടെൻഡർ നടപടികളിലേക്കു കടന്നെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചു. 2015 ൽ ഒരു കരാറുണ്ടായി. കരാറിൽ പല തലത്തിലുള്ള വിമർശനങ്ങൾ നിലനിൽക്കുമ്പോഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ് തങ്ങൾ കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016 ൽ അധികാരത്തിൽ വന്നതിനെത്തുടർന്നുള്ള ഘട്ടത്തിൽ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചു. അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയിൽ യാഥാർത്ഥ്യമാക്കി മാറ്റിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.