+

കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടിത്തം ; എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷം മാത്രമേ അറിയാൻ കഴിയൂ: മന്ത്രി വീണാ ജോർജ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തിൽ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാൻ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

കോഴിക്കോട്  : കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തിൽ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാൻ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റേയും പോലീസിന്റേയും അന്വേഷണം നടന്നു വരുന്നു. പോലീസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് പരിശോധനയും നടക്കുന്നുണ്ട്. സംഭവം ഉണ്ടായ എംആർഐ മെഷീന്റെ യുപിഎസ് റൂമിൽ ഉൾപ്പെടെ ഫോറൻസിക് ടീം പരിശോധന നടത്തുന്നുണ്ട്. അന്വേഷണം പൂർത്തിയായി റിപ്പോർട്ട് വരുമ്പോൾ മാത്രമാണ് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടായതെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

എംആർഐ മെഷീന് മാത്രമായുള്ള യുപിഎസും അതിനുള്ള മുറിയുമാണ്. ഫിലിപ്‌സ് കമ്പനിയുടേതാണ് എംആർഐ മെഷീൻ. അതിന്റെ മെയിന്റനൻസും ഫിലിപ്‌സ് നിയോഗിച്ച ഏജൻസിയാണ് നടത്തുന്നത്. അതിന്റെ ചുമതലയും ഫിലിപ്‌സിനാണ്. എംആർഐ മെഷീനും യുപിഎസിനും 2026 ഒക്ടോബർ വരെ വാറണ്ടിയുമുണ്ട്. ബന്ധപ്പെട്ട ഏജൻസി കൃത്യമായ മെയിന്റനൻസ് നടത്തുന്നുണ്ട്. ഇങ്ങനെ ഒരു സംഭവം എങ്ങനെയാണ് ഉണ്ടായതെന്ന് കൃത്യമായി പരിശോധിക്കപ്പെടണം. ഫിലിപ്‌സ് കമ്പനിയോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഈ പരിശോധനകൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സിസിടിവി ഉൾപ്പെടെ പരിശോധിച്ച് കൃത്യവും സമഗ്രവും ആയിട്ടുള്ള അന്വേഷണം പോലീസ് നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
 

facebook twitter