+

പ്രകൃതി ദുരന്തം , മഹാമാരി, കിറ്റ് വിവാദം ; പ്രതിസന്ധികളില്‍ പതറാതെ കാത്ത ഇച്ഛാശക്തി; സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ഇന്ന് പിറന്നാള്‍

കൊറോണ , നിപ, വെള്ളപ്പൊക്കം , ഉരുൾപൊട്ടൽ ..കേരളത്തെ പിടിച്ചു കുലുക്കിയ നിരവധി പ്രകൃതി ദുരന്തങ്ങള്‍.. എല്ലാം അതിജീവിക്കാൻ കേരളത്തിന് കരുത്തു പകർന്ന  മുഖ്യമന്ത്രി പിണറായി വിജയന് കേരളം ചാര്‍ത്തിക്കൊടുത്തൊരു പേരുണ്ട്.

കൊറോണ , നിപ, വെള്ളപ്പൊക്കം , ഉരുൾപൊട്ടൽ ..കേരളത്തെ പിടിച്ചു കുലുക്കിയ നിരവധി പ്രകൃതി ദുരന്തങ്ങള്‍.. എല്ലാം അതിജീവിക്കാൻ കേരളത്തിന് കരുത്തു പകർന്ന  മുഖ്യമന്ത്രി പിണറായി വിജയന് കേരളം ചാര്‍ത്തിക്കൊടുത്തൊരു പേരുണ്ട്. ക്രൈസിസ് മാനേജര്‍. പ്രതിസന്ധികളില്‍ പതറാതെ സംസ്ഥാനത്തെ പിണറായി വിജയന്‍ നയിച്ച 9 വര്‍ഷങ്ങളാണ് കടന്നു പോയത്. .

 2016 മേയ് 25 നു പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. അന്നു മുതല്‍ ഇന്നു വരെ നേരിട്ട പ്രതിസന്ധികള്‍ പലതായിരുന്നു. ഒരു തരത്തില്‍ മുന്‍പൊരു ചീഫ് എക്‌സിക്യുട്ടീവും നേരിടാത്ത സമാനതകളില്ലാത്ത പ്രതിസന്ധികാലം അദ്ദേഹത്തോടൊപ്പം കേരളം അതിജീവിച്ചു.

2018 ല്‍ നിപ…തീരദേശത്തെ തകിടം മറിച്ച ഓഖി. കേരളത്തെ മുക്കികളഞ്ഞ രണ്ടു പ്രളയങ്ങള്‍. ഒടുവില്‍ കൊവിഡ് മഹാമാരി. കോവിഡ് പ്രതിരോധത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പടെ വാഴ്ത്തിയ ആരോഗ്യ കേരളം മോഡല്‍. അപ്പോഴും വിമര്‍ശനങ്ങള്‍ പലതുയര്‍ന്നു. പക്ഷെ പിണറായി മാത്രം കുലുങ്ങിയില്ല.പകരം ചരിത്രത്തിലെ ആദ്യ തുടര്‍ഭരണ നേട്ടം കൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ചു. കിറ്റ് വിവാദമെന്ന പ്രതിപക്ഷം തൊടുത്ത അമ്പിനെ നിഷ്പ്രഭമാക്കി.

 രണ്ടാം പിണറായി സര്‍ക്കാരിന് പ്രതിസന്ധികള്‍   വെല്ലുവിളികളായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുമ്പോള്‍ വിലപിച്ചിരിക്കാതെ വികസനം മുടങ്ങാതെ മുന്നോട്ടു പോവുകയാണെന്ന് പിണറായി സര്‍ക്കാര്‍ നിലപാടെടുത്തു. നവകേരളം സ്വപ്നം കണ്ടു. വിഴിഞ്ഞം പദ്ധതിയും, മലയോര-തീരദേശ പാതകളും, ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിയും സര്‍ക്കാര്‍ ഉയര്‍ത്തുന്നു.

ലൈഫ് പദ്ധതി മുതല്‍ കെ ഫോണും വിദ്യാഭ്യാസ രംഗത്തെ പുരോഗതിയും കേന്ദ്ര സര്‍ക്കാരിനുള്ള മറുപടിയാണെന്ന് രണ്ടാം പിണറായി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. ഒന്നും നടക്കില്ലെന്ന ധാരണ മാറി പലതും നടന്നുവെന്ന് പിണറായി വിജയന്‍ തന്നെ പറഞ്ഞു. കേരളം കണ്ണീരില്‍ കുതിര്‍ന്ന മുണ്ടക്കൈ- ചൂരല്‍മല മഹാ ദുരന്തത്തിലും കേന്ദ്രം കൈവിട്ടപ്പോള്‍ പുനരധിവാസമടക്കം വേഗത്തിലാക്കി പിണറായി ദി റിയല്‍ ക്യാപ്റ്റനായി.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന പിണറായി വിജയന്റെ ജീവിതം പോരാട്ടത്തിന്റെ കഥയാണ്. നിലപാടുകളിലെ കണിശതയും കാര്‍ക്കശ്യവുമാണ് വിജയനിലെ നേതാവിനെ വാര്‍ത്തെടുത്തത്.

കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദം. ശക്തമായ നിലപാടുകളും ഭരണമികവും. പ്രതിസന്ധിഘട്ടങ്ങളില്‍ മാതൃകാപരമായ നേതൃത്വം. പിണറായി വിജയന്‍ എന്ന നേതാവിന്റെ കരുത്തും ഇരുത്തവും കേരളം പലകുറി കണ്ടറിഞ്ഞതാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് നീതി പുലര്‍ത്തുമ്പോഴും പ്രയോഗികവാദിയായ നേതാവായാണ് പിണറായി വിജയന്‍ അറിയപ്പെടുന്നത്.


 

facebook twitter