തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ഗള്‍ഫ് പര്യടനത്തിന് ഇന്ന് തുടക്കമാകും.ബഹ്റൈൻ, ഒമാൻ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക.
ഒക്ടോബർ 16 മുതല്‍ നവംബർ ഒൻപതുവരെ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദർശിക്കാനും വിവിധ പരിപാടികളില്‍ പങ്കെടുക്കാനുമാണ് മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്. 16 ന് ബഹ്റൈനില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 22ന് മസ്കറ്റിലെത്തുന്ന മുഖ്യമന്ത്രി 24 ന് പൊതുപരിപാടിയില്‍ പങ്കെടുക്കും. 25 ന് സലാലയിലാണ് മുഖ്യമന്ത്രിയുടെ പരിപാടി.
അതിനുശേഷം 26 ന് കൊച്ചിയിലെത്തി 28 ന് രാത്രി ഖത്തറിലേക്ക് പോകാനാണ് തീരുമാനം. 30 ന് ഖത്തറിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്തെത്തും. നവംബര്‍ 5 നാണ് കുവൈത്തിലേക്കുള്ള അടുത്ത യാത്ര.
കുവൈത്തിലെ പരിപാടിക്ക് ശേഷം അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി അവിടെ അഞ്ച് ദിവസം ഉണ്ടാകും.അതേസമയം, മുഖ്യമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല.
സൗദി ഒഴികെയുള്ള രാജ്യങ്ങളിലേക്കു പോകാനാണ് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. 2023 ഒക്ടോബറില്‍ സൗദി അറേബ്യയില്‍ വച്ച് ലോക കേരളസഭയുടെ പ്രാദേശിക സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കിയിരുന്നു.