കണ്ണൂർ : അധ്യാപനത്തെ ജോലി എന്നതിലുപരി മെച്ചപ്പെട്ട സമൂഹ സൃഷ്ടിക്കായുള്ള ഉത്തരവാദിത്വമായി അധ്യാപകർ കാണണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ പറഞ്ഞു. കമ്മീഷൻ ജില്ലയിലെ ഹൈസ്‌കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ച ജില്ലാതല അധ്യാപക പരിശീലനം ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ മാനസിക പ്രശനങ്ങൾ മാത്രമല്ല വിദ്യാർഥി സമൂഹം നേരിടുന്നതെന്ന തിരിച്ചറിവ് അധ്യാപകർക്കുണ്ടാകണം. സംസ്ഥാനത്താകെ നോൺ കമ്യുണിക്കബിൾ രോഗ വിഭാഗത്തിൽപ്പെട്ട ടൈപ്പ്-1 പ്രമേഹബാധിതരായ 5000 കുട്ടികളുണ്ട്. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്ന സംവിധാനവും കരുതലും വിദ്യാലയങ്ങളിൽ ഉണ്ടാകണം. വിദ്യാർഥികളെയും അവർ നേരിടുന്ന പ്രശനങ്ങളെയും അറിഞ്ഞു പെരുമാറുന്ന നിലയിലേക്ക് അധ്യാപകർ മാറണം. സ്‌കൂളുകളിലെ ബാഗ് പരിശോധനപോലെയുള്ള കുട്ടികളുടെ അന്തസ്സിന് കോട്ടം വരുത്തുന്ന പ്രവർത്തികൾ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കണം-അദ്ദേഹം പറഞ്ഞു.
ആധുനിക കാലത്ത് തങ്ങളിലേക്ക് ഒതുങ്ങുന്നവരായി അധ്യാപകർ മാറുന്നു. എന്നാൽ സ്വയം പരിവർത്തനത്തിന് വിധേയരായി പുതുതലമുറക്ക് പുതിയ ദിശാബോധം നൽകാൻ അധ്യാപകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.ബാലാവകാശം എന്ന വിഷയത്തിൽ കമ്മീഷൻ അംഗം ഡോ.എഫ്.വിൽസൺ, കുട്ടികളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൗൺസിലർ നിഖിത വിനോദ്, സൈബർ സുരക്ഷ എന്ന വിഷയത്തിൽ സിറ്റി പോലീസ് സൈബർ സുരക്ഷാ വിഭാഗം സിവിൽ പോലീസ് ഓഫീസർ പി.കെ.ദിൻരാജ് എന്നിവർ ക്ലാസെടുത്തു.
ആഗസ്റ്റ് 20 വരെ സംസ്ഥാനത്തൊട്ടാകെയുള്ള ഹൈസ്‌കൂളുകളിലെ അധ്യാപകർക്ക് ബാലാവകാശ കമ്മീഷൻ പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പരിശീലനത്തിന്റെ ഒന്നാം ഘട്ടത്തിൽ കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ഡിഡിഇ ഡി.ഷൈനി അധ്യക്ഷയായി. കമ്മീഷൻ അംഗങ്ങളായ ഡോ.എഫ്.വിൽസൺ, അഡ്വ.ബി.മോഹൻകുമാർ, കെ.ഷാജു, അഡ്വ.ടി.സി.ജലജമോൾ, അഡ്വ.എൻ.സുനന്ദ, സിസിലി ജോസഫ്, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ദിവ്യ മനോജ് എന്നിവർ പങ്കെടുത്തു.