+

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ കുട്ടികളെകൊണ്ട് കാല്‍ കഴുകിപ്പിച്ച് പൂജ, കുട്ടികളെ നിലത്തിരുത്തി അധ്യാപകരുടെ കാല്‍ ശുദ്ധിയാക്കാന്‍ ആവശ്യപ്പെട്ടു

മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും കാസര്‍കോട് ബന്തടുക്കയിലെ ഭാരതീയ വിദ്യാനികേതന്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബന്തടുക്ക കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലാണ് ഗുരുപൂര്‍ണിമയുടെ ഭാഗമായി അപരിഷ്‌കൃത ആചാരം നടന്നത്.

കൊച്ചി: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ കുട്ടികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിപ്പിച്ച സംഭവം വിവാദമകുന്നു. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും കാസര്‍കോട് ബന്തടുക്കയിലെ ഭാരതീയ വിദ്യാനികേതന്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബന്തടുക്ക കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലാണ് ഗുരുപൂര്‍ണിമയുടെ ഭാഗമായി അപരിഷ്‌കൃത ആചാരം നടന്നത്.

അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കളിട്ട് പൂജിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഗുരുപൂജ എന്ന ചടങ്ങിന്റെ ഭാഗമായാണ് സംഭവം നടക്കുന്നത്. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെകൊണ്ട് കഴുകിപ്പിച്ചത്.

തൃക്കരിപ്പൂരിലെയും ചീമേനിയിലെയും ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലും പാദപൂജ നടത്തിച്ചു. തൃക്കരിപ്പൂര്‍ ചക്രപാണി വിദ്യാലയത്തിലും ചീമേനി വിവേകാനന്ദ വിദ്യാലയത്തിലും ആണ് വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകി പൂജ നടത്തിയത്.

ബന്തടുക്കയില്‍ കുറ്റിക്കോല്‍ പഞ്ചായത്തിലെ മുന്‍ ബിജെപി പഞ്ചായത്തംഗത്തിന്റെ അധ്യക്ഷതയിലാരുന്നു ചടങ്ങുകള്‍. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും നിലത്ത് ഇരുത്തിച്ച് കസേരയില്‍ ഇരുന്ന അധ്യാപകരുടെ കാല്‍തൊട്ട് വന്ദിക്കാനും പൂക്കളും വെള്ളവും തളിച്ച് കാല്‍ കഴുകി പൂജ ചെയ്യാനും സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ കുണ്ടംകുഴി ഹരിശ്രീ വിദ്യാലയത്തിലെ പാദസേവ പ്രതിഷേധത്തെതുടര്‍ന്ന് ഒഴിവാക്കിയിരുന്നു.

പ്രാകൃതമായ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തില്‍ എസ്എഫ്‌ഐ കാസര്‍കോട് ജില്ല കമ്മിറ്റി ബാലവകാശ കമ്മീഷന് പരാതി നല്‍കി. പാദപൂജ അപരിഷ്‌കൃതവും പ്രതിഷേധാര്‍ഹവുമാണെന്നും വിദ്യാഭ്യാസ വകുപ്പധികൃതര്‍ അന്വേഷണം നടത്തി ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

facebook twitter