രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്കൂൾ പഠനം ഉപേക്ഷിച്ചത് 65.7 ലക്ഷം കുട്ടികൾ

02:15 PM Dec 10, 2025 | Neha Nair

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് 65.7 ലക്ഷം കുട്ടികൾ സ്കൂൾ പഠനം ഉപേക്ഷിച്ചതായി കേന്ദ്ര വനിതാ-ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂർ. ഇതിൽ പകുതിയോളം പേർ - 29.8 ലക്ഷം - കൗമാരക്കാരായ പെൺകുട്ടികളാണെന്നും മന്ത്രി വ്യക്തമാക്കി. പാർല​മെന്റിൽ കോൺഗ്രസ് എംപി റെങ്കുവ ചൗധരിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.

ഗുജറാത്താണ് ഇക്കാര്യത്തിൽ മുന്നിൽ. 2025-26 അധ്യയനവർഷം 2,40,000 വിദ്യാർഥികളാണ് ഗുജറാത്തിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചത്. ഈ വർഷം ഏറ്റവും കൂടുതൽ കുട്ടികൾ പഠനം നിർത്തിയതിൽ രണ്ടാം സ്ഥാനത്ത് ബി.ജെ.പി തന്നെ ഭരിക്കുന്ന അസം ആണ്. ആകെ 1,50,906 കുട്ടികൾ അസമിൽ പഠനമുപേക്ഷിച്ചു. അതിൽ 57,409 പേർ പെൺകുട്ടികളാണ്. മൂന്നാംസ്ഥാനത്തുള്ള ഉത്തർപ്രദേശിൽ 56,462 പെൺകുട്ടികൾ ഉൾപ്പെടെ 99,218 കൊഴിഞ്ഞുപോയി. രാജ്യത്തെ ഏറ്റവും കൂടുതൽ കുട്ടികൾ വിദ്യാലയങ്ങളിൽനിന്ന് കൊഴിഞ്ഞുപോകുന്നതിൽ ആദ്യമൂന്ന് സ്ഥാനങ്ങളും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് സ്വന്തം.

ഗുജറാത്തിലെ കൊഴിഞ്ഞുപോക്കിൽ വൻ വർധനവാണ് ഇത്തവണ ഉണ്ടായത്. 2024 ൽ സംസ്ഥാനത്ത് 54,541 കുട്ടികളായിരുന്നു ഈ കണക്കിൽ ഉണ്ടായിരുന്നത്. ആകെ ഒരു പെൺകുട്ടി മാത്രമാണ് സ്കൂൾ ഉപേക്ഷിച്ചിരുന്നത്. എന്നാൽ, ഈ വർഷം പഠനം നിർത്തിയ ആകെ കുട്ടികളുടെ എണ്ണം 340 ശതമാനത്തിലധികം ഉയർന്ന് 2.40 ലക്ഷമായി. പെൺകുട്ടികളുടെ എണ്ണം കുതിച്ചുയർന്ന് 1.1 ലക്ഷമായി. ദാരിദ്ര്യം, ബാലവേല, വീട്ടുജോലി, കുടിയേറ്റം, സാമൂഹിക സമ്മർദങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ പെൺകുട്ടികൾ സ്കൂൾ ഉപേക്ഷിക്കുന്നതിന് പിന്നിലുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.