+

കുട്ടികളെ ശരിയായ ദിശയിലേക്ക് നയിക്കാൻ സാധിക്കണം : സ്പീക്കർ എ.എൻ ഷംസീർ

മയക്കുമരുന്ന് എന്ന ദുരന്തത്തിൽ നിന്നും കുട്ടികളെ ശരിയായ ദിശയിലേക്ക് നയിക്കാൻ സാധിക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. കിഫ്ബി ഫണ്ടിൽ നിന്നും 7.5 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച കുഴൽമന്ദം ഗവ. ഹൈ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ.


പാലക്കാട് : മയക്കുമരുന്ന് എന്ന ദുരന്തത്തിൽ നിന്നും കുട്ടികളെ ശരിയായ ദിശയിലേക്ക് നയിക്കാൻ സാധിക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. കിഫ്ബി ഫണ്ടിൽ നിന്നും 7.5 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച കുഴൽമന്ദം ഗവ. ഹൈ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ. കുട്ടികളുടെ സ്‌ക്രീൻ ടൈമിന് രക്ഷിതാക്കൾ കൃത്യമായ നിയന്ത്രണം ഏർപ്പെടുത്തണമെന്നും, സ്‌ക്രീനിൽ സമയം ചെലവഴിക്കുന്നതിന്  പകരം കുട്ടികളോട് ഗ്രൗണ്ടിൽ പോയി കളിക്കാൻ പറയണമെന്നും സ്പീക്കർ പറഞ്ഞു. കുട്ടികൾ കളിച്ചും പഠിച്ചും വളരുന്നതിനുള്ള സാഹചര്യം മാതാപിതാക്കൾ ഉണ്ടാക്കണം. 

ശാരീരിക- മാനസികാരോഗ്യം ഇപ്പോൾ കുട്ടികൾക്ക് ഇല്ല. ഏകാന്തത അനുഭവിക്കുന്ന കുട്ടികളെ ശരിയായ ദിശയിലേക്ക് നയിക്കാൻ സാധിക്കണം. കുട്ടികൾക്ക് നല്ല സുഹൃത്ത് ബന്ധങ്ങൾ  ഉണ്ടാവുന്നതിനായി മാതാപിതാക്കളും അധ്യാപകരും ഒരുപോലെശ്രദ്ധിക്കണം. അധ്യാപകർ  രണ്ടാമത്തെ രക്ഷിതാവ് എന്ന ബോധ്യത്തോടെ അധ്യാപകർ കുട്ടികളോട് നേരിട്ട് ഇടപെടുന്ന  സാഹചര്യം ഉണ്ടാവണമെന്നും സ്പീക്കർ പറഞ്ഞു.  വ്യക്തി ശുചിത്വം പോലെ തന്നെ പരിസര ശുചിത്വം അനിവാര്യമാണ്. കേരളത്തെ മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങളിൽ കുട്ടികളും പങ്കുചേരണം. പരിസര ശുചിത്വത്തെ കുറിച്ചും വ്യക്തി ശുചിത്വത്തെ കുറിച്ചും കുട്ടികളെ പഠിപ്പിക്കാൻ സാധിക്കണം. അതും വളരെ പ്രധാനപ്പെട്ടതാണ്. അതിൽ അധ്യാപകർക്കുള്ള പങ്ക് വലുതാണെന്നും സ്പീക്കർ പറഞ്ഞു.
 
സ്‌കൂൾ കെട്ടിടം നിർമ്മിക്കുന്നതിനായി രണ്ടര ഏക്കർ സ്ഥലം സൗജന്യമായി നൽകിയ രുക്മണിയമ്മയേയും കുടുംബത്തെയും സ്പീക്കർ പരിപാടിയിൽ അഭിനന്ദിച്ചു. ഒരു നാടിന്റെ നവീകരണത്തിനായി ആ കുടുംബം മാതൃകയായി മുന്നോട്ട് വന്നുവെന്നും സ്പീക്കർ പറഞ്ഞു. വികസനത്തിനായി ജനങ്ങളും അണി ചേരുമ്പോഴാണ് വികസനം സമ്പൂർണ്ണമാകുക. വികസനത്തിൽ ജനങ്ങളും കണ്ണികളാവണം. സ്‌കൂളിന്റെ അഭിവൃദ്ധിയ്ക്ക് വേണ്ടി സ്‌കൂൾ പി.ടി.എയും നാട്ടുകാരും ഇടപെടണം. കുഴൽമന്ദം ഹൈസ്‌കൂൾ ഇനിയും വളരുന്നതിന്  എം.എൽ.എ നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം  ജനങ്ങൾ മുന്നിൽ നിൽക്കണമെന്നും സ്പീക്കർ പറഞ്ഞു.


കെ.ഡി. പ്രസേനൻ എം.എൽ.എ അധ്യക്ഷനായ പരിപാടിയിൽ കെ. രാധാകൃഷ്ണൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ഷാബിറ ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ് തച്ചങ്കാട്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്,  കുഴൽമന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണൻ, വൈസ് പ്രസിഡന്റ് ജയപ്രകാശ്, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആസിഫ് അലിയാർ, വിദ്യാഭ്യാസ ഉപഡയറക്ടർ സുനിജ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ശാന്തകുമാരി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയായ സ്‌നേഹയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ആദരിച്ചു. സ്‌നേഹ എഴുതിയ കവിതയോടെയാണ് 2021 സംസ്ഥാന ബജറ്റ് അന്നത്തെ ധനകാര്യമന്ത്രിയായ തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചത്

facebook twitter