'കുട്ടികള്‍ വളരേണ്ടത് ഇന്ത്യയിലല്ല, അമേരിക്കയില്‍'; ഇന്ത്യാവിരുദ്ധ പരാമര്‍ശം, ബിസിനസുകാരനെതിരെ വ്യാപക പ്രതിഷേധം

07:59 AM Oct 14, 2025 |


യുഎസിലെ ഗണേശചതുര്‍ത്ഥി ഘോഷയാത്രയെയും ഇന്ത്യക്കാരുടെ കുടിയേറ്റത്തെയും വിമര്‍ശിച്ചയാളെ പള്ളിയില്‍ നിന്നും ജിംനേഷ്യത്തില്‍ നിന്നും പുറത്താക്കി. ടെക്സാസില്‍ താമസിക്കുന്ന ബിസിനസുകാരനായ ഡാനിയല്‍ കീനെതിരെയാണ് നടപടി സ്വീകരിച്ചത്.

ഡാലസില്‍ നടന്ന ഗണേശചതുര്‍ത്ഥി ഘോഷയാത്രയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് ഡാനിയേല്‍ സാമൂഹ്യമാധ്യമത്തിലൂടെ ഇന്ത്യ വിരുദ്ധ പരാമര്‍ശം നടത്തിയത്. നമ്മള്‍ എച്ച്1 ബി വിസ റദ്ദാക്കണം. എന്റെ കുട്ടികള്‍ ഇന്ത്യയില്‍ അല്ല, അമേരിക്കയിലാണ് വളരേണ്ടത്' എന്നായിരുന്നു ഡാനിയേല്‍ കുറിച്ചത്. ഈ പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. അതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. പക്ഷെ തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് ഡാനിയേല്‍ വ്യക്തമാക്കിയിരുന്നു.

ഡാനിയേലിന്റെ പരാമര്‍ശം വ്യാപകമായ പ്രതിഷേധത്തിനും കാരണമായി. ഇതോടെ ഇത് പാപകരമായ പ്രവൃത്തിയാണെന്നും മാപ്പ് പറയണമെന്നും പള്ളി അധികൃതര്‍ ഡാനിയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്ഷമാപണത്തിന് താന്‍ തയ്യാറല്ലെന്ന നിലപാടാണ് ഡാനിയേലിന്റെ മറുപടി. കുടിയേറ്റവുമായി ബന്ധപ്പെട്ട് തന്റെ കാഴ്ച്ചപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഇയാള്‍ പറഞ്ഞു. ഇതോടെയാണ് ഡാനിയേല്‍ പള്ളിയില്‍ നിന്ന് പുറത്തായത്. പിന്നാലെ ഡാനിയേല്‍ സ്ഥിരമായി പോയിരുന്ന ജിംനേഷ്യം അധികൃതര്‍ ജിം അംഗത്വവും റദ്ദാക്കി.
ഡാനിയേലിന്റെ ബിസിനസ് സംരഭങ്ങള്‍ക്കെതിരെയും പ്രതിഷേധമുയര്‍ന്നു. ഡാനിയേലിന്റെ ഉടമസ്ഥതയിലുള്ള കീന്‍സ് കഫെ, ബൗണ്ടറീസ് കഫെ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെ ഓണ്‍ലൈനില്‍ കൂട്ടത്തോടെ മോശം റിവ്യൂ രേഖപ്പെടുത്തിയും മറ്റുമാണ് പലരും പ്രതിഷേധം രേഖപ്പെടുത്തിയത്.