+

ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റാൻ ഉത്തരവ് ; മനംനൊന്ത് മദ്രാസ് ഹൈകോടതി കെട്ടിടത്തിൽനിന്ന് ചാടിആത്മഹത്യക്ക് ശ്രമിച്ച് 14 കാരി

ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റാൻ ഉത്തരവ് ; മനംനൊന്ത് മദ്രാസ് ഹൈകോടതി കെട്ടിടത്തിൽനിന്ന് ചാടിആത്മഹത്യക്ക് ശ്രമിച്ച് 14 കാരി

ചെന്നൈ : കസ്റ്റഡി സംരക്ഷണവുമായി ബന്ധപ്പെട്ട മദ്രാസ് ഹൈകോടതി ഉത്തരവിനെ തുടർന്ന് 14 വയസുകാരി കോടതിയുടെ ഒന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യാശ്രമം നടത്തി. ഗുരുതരമായ പരിക്കുകളോടെ പെൺകുട്ടി രക്ഷപ്പെട്ടു. പെൺകുട്ടിയെ തുടർ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പെൺകുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

മകളുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടിയുടെ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഡിവിഷൻ ബെഞ്ചിന് മുമ്പാകെ പെൺകുട്ടിയെ ഹാജരാക്കിയിരുന്നു. മകളെ കാണാനില്ലെന്ന് പിതാവ് പരാതി നൽകിയിരുന്നെങ്കിലും പൊലീസ് പിന്നീട് പെൺകുട്ടിയെ മുത്തശ്ശിയുടെ വീട്ടിൽ കണ്ടെത്തിയതായി ടി.എൻ.ഐ.ഇ റിപ്പോർട്ട് ചെയ്തു.

ഹരജിയെ തുടർന്ന് പെൺകുട്ടിയുടെ മാനസികാവസ്ഥ വിലയിരുത്തുന്നത് വരെ കെയർ ഹോമിൽ പാർപ്പിക്കാൻ ഹൈകോടതി ഉത്തരവിട്ടു. കോടതി വിധിയിൽ ദു:ഖിതയായ പെൺകുട്ടി പെട്ടെന്ന് ഹൈകോടതി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ജസ്റ്റിസ് എം.എസ്. രമേശ്, ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അച്ഛനും അമ്മയും വിവാഹമോചിതരാണെന്നും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും തനിച്ച് താമസിക്കുന്ന അച്ഛൻറെ കൂടെ താമസിക്കാൻ താൽപര്യമില്ലെന്നും അമ്മയോടൊപ്പം ആൻഡമാനിൽ താമസിക്കാനാണ് താൽപര്യമെന്നും കുട്ടി കോടതിയെ അറിയിച്ചു.

എന്നാൽ സ്പെഷ്യൽ കൗൺസിലറുടെ രഹസ്യ റിപ്പോർട്ട് പരിശോധിച്ച കോടതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ആൻഡമാനിൽ സുരക്ഷിതമായി താമസിക്കാൻ അനുകൂലമായ അന്തരീക്ഷമായിരിക്കില്ലെന്ന് നിരീക്ഷിക്കുകയും പിതാവിനൊപ്പം പോകാൻ താൽപ്പര്യമില്ലാത്തതിനാൽ കുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് പാർപ്പിക്കാൻ നിർദേശിക്കുന്നത് ഉചിതമാണെന്നും കോടതി പറഞ്ഞു

Trending :
facebook twitter