ന്യൂയോർക്: ചൈനക്കെതിരെ വൻ തീരുവ ചുമത്തി വ്യാപാര യുദ്ധം തുടങ്ങിയ യു.എസിനെതിരെ പുതിയ പ്രഖ്യാപനവുമായി ചൈന. രാജ്യത്തെ വിമാനക്കമ്പനികൾ അമേരിക്കൻ കമ്പനിയായ ബോയിങ് നിർമിക്കുന്ന വിമാനങ്ങൾ വാങ്ങരുതെന്ന് ചൈന സർക്കാർ ഉത്തരവിട്ടു.
വിമാനങ്ങൾക്കു പുറമെ, വിമാനഭാഗങ്ങൾ, ഘടകങ്ങൾ എന്നിവക്കും വിലക്കുണ്ട്. 2025-27 കാലയളവിൽ ചൈനയിലെ എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ് എന്നിവ ചേർന്ന് 179 ബോയിങ് വിമാനങ്ങൾ സ്വന്തമാക്കാനിരുന്നതാണ്. നിരോധനത്തെ തുടർന്ന് ചൈനീസ് കമ്പനികൾ യൂറോപ്യൻ കമ്പനിയായ എയർ ബസ്, ചൈനീസ് നിർമാതാക്കളായ കോമാക് എന്നിവയെ ആശ്രയിക്കേണ്ടിവരും.
ചൈനയുടെ പിന്മാറ്റം അമേരിക്കൻ ഓഹരി വിപണിയിൽ ബോയിങ്ങിന് കനത്തനഷ്ടമാണ് വരുത്തിയത്. ഓഹരി മൂല്യം മൂന്നു ശതമാനത്തിലേറെ ഇടിഞ്ഞു. അതിനിടെ, ചൈനയിൽനിന്നുള്ള കമ്പ്യൂട്ടർ ചിപ്പുകൾ, ചിപ്പ് നിർമാണ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കലുകൾ എന്നിവക്ക് പുതിയ തീരുവ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അമേരിക്ക അന്വേഷണം ആരംഭിച്ചു.
മൂന്നാഴ്ചക്കകം പൊതുജനം പ്രതികരണമറിയിക്കാനാവശ്യപ്പെട്ട് ഫെഡറൽ രജിസ്റ്ററിൽ യു.എസ് വ്യാപാര വകുപ്പ് നോട്ടീസുകൾ പതിച്ചു.