ന്യൂഡൽഹി: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധത്തിനിടെ, ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് കൂടുതൽ വിസ അനുവദിച്ച് ചൈന. ജനുവരി ഒന്നുമുതൽ ഏപ്രിൽ ഒമ്പതുവരെ ഇന്ത്യക്കാർക്ക് 85,000ത്തിലേറെ വിസ അനുവദിച്ചെന്ന് ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് പറഞ്ഞു. കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ എത്തിക്കാനായി വിസാ ചട്ടങ്ങളിൽ ചൈനീസ് സർക്കാർ ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്.
ചൈന സന്ദർശിക്കാൻ താൽപര്യമുള്ളവർക്ക് വിസ ലഭിക്കാൻ ഓൺലൈൻ അപ്പോയിൻറ്മെൻറ് ഇല്ലാതെ നേരിട്ട് വിസ സെൻററുകളിൽ അപേക്ഷ നൽകാം. കുറഞ്ഞ കാലയളവിലേക്ക് ചൈനയിലേക്ക് പോകാൻ ബയോമെട്രിക് ഡേറ്റ നൽകണമെന്ന് നിർബന്ധമില്ല. ഇത് പ്രോസസിങ് സമയം കുറക്കുന്നു. വിസ ഫീസും കുറച്ചിട്ടുണ്ട്. നേരത്തെ കോവിഡ് മഹാമാരിയെ തുടർന്ന് ചൈനയിലേക്കുള്ള യാത്ര ഗണ്യമായി കുറഞ്ഞിരുന്നു. മെഡിക്കൽ കോഴ്സുകളിൽ ഉൾപ്പടെ നിരവധി ഇന്ത്യൻ വിദ്യാർഥികൾ ചൈനീസ് സർവകലാശാലകളിൽ എൻറോൾ ചെയ്തിട്ടുണ്ട്.
അതേസമയം വൻ തീരുവ ചുമത്തിയ യു.എസിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ചൈന. രാജ്യത്തെ വിമാനക്കമ്പനികൾ അമേരിക്കൻ കമ്പനിയായ ബോയിങ് നിർമിക്കുന്ന വിമാനങ്ങൾ വാങ്ങരുതെന്ന് ചൈന സർക്കാർ ഉത്തരവിട്ടു. വിമാനങ്ങൾക്കു പുറമെ, വിമാനഭാഗങ്ങൾ, ഘടകങ്ങൾ എന്നിവക്കും വിലക്കുണ്ട്. 2025-27 കാലയളവിൽ ചൈനയിലെ എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ് എന്നിവ ചേർന്ന് 179 ബോയിങ് വിമാനങ്ങൾ സ്വന്തമാക്കാനിരുന്നതാണ്. നിരോധനത്തെ തുടർന്ന് ചൈനീസ് കമ്പനികൾ യൂറോപ്യൻ കമ്പനിയായ എയർ ബസ്, ചൈനീസ് നിർമാതാക്കളായ കോമാക് എന്നിവയെ ആശ്രയിക്കേണ്ടിവരും.
ചൈനയുടെ പിന്മാറ്റം അമേരിക്കൻ ഓഹരി വിപണിയിൽ ബോയിങ്ങിന് കനത്തനഷ്ടമാണ് വരുത്തിയത്. ഓഹരി മൂല്യം മൂന്നു ശതമാനത്തിലേറെ ഇടിഞ്ഞു. അതിനിടെ, ചൈനയിൽനിന്നുള്ള കമ്പ്യൂട്ടർ ചിപ്പുകൾ, ചിപ്പ് നിർമാണ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കലുകൾ എന്നിവക്ക് പുതിയ തീരുവ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അമേരിക്ക അന്വേഷണം ആരംഭിച്ചു. മൂന്നാഴ്ചക്കകം പൊതുജനം പ്രതികരണമറിയിക്കാനാവശ്യപ്പെട്ട് ഫെഡറൽ രജിസ്റ്ററിൽ യു.എസ് വ്യാപാര വകുപ്പ് നോട്ടീസുകൾ പതിച്ചു.