അരുണാചൽ പ്രദേശിൽ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള ചൈനീസ് ശ്രമങ്ങൾ വിലപ്പോകി​ല്ലെന്ന് ഇന്ത്യ

04:30 PM May 14, 2025 | Neha Nair

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രദേശമായ അരുണാചൽ പ്രദേശിൽ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള ചൈനയുടെ ശ്രമങ്ങളെ ഇന്ത്യ അപലപിച്ചു. ഇത്തരം കുതന്ത്രങ്ങൾ കൊണ്ടൊന്നും യാഥാർത്ഥ്യം മാറ്റാനാവില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്.

ഇന്ത്യയുടെ ഭാഗമായി തുടർന്നും നിലനിൽക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയതായ വാർത്തകൾ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജയ്‌സ്വാളിന്റെ പ്രതികരണം. ‘ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പേരിടാനുള്ള വ്യർത്ഥവും അസംബന്ധമായതുമായ ശ്രമങ്ങൾ ചൈന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

അത്തരം ശ്രമങ്ങളെ ഇന്ത്യ പൂർണമായും തള്ളിക്കളയുന്നു’, ജയ്‌സ്വാൾ പറഞ്ഞു. ഇത്തരം നാമകരണം കൊണ്ട് അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിഷേധിക്കാനാവാത്ത യാഥാർത്ഥ്യത്തെ മാറ്റാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അരുണാചൽ പ്രദേശ് ഇന്നലെയും ഇന്നും നാളെയും ഇന്ത്യയുടെ സംസ്ഥാനമാണ്. പേരു മാറ്റിയാലൊന്നും അതിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്നും ജയ്ശങ്കർ പറഞ്ഞു.
 

Trending :