ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ രണ്ടു ദിവസത്തെ നിര്‍ണായക സന്ദര്‍ശനത്തിനായി ഇന്ന് ദില്ലിയിലെത്തും. വൈകിട്ട് നാലിന് എത്തുന്ന വാങ് യീ, വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള സംവിധാനത്തിന്റെ സംയുക്ത യോഗത്തില്‍ നാളെ വാങ് യീ പങ്കെടുക്കും. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലായിരിക്കും ഇന്ത്യന്‍ സംഘത്തെ നയിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വാങ് യീ സന്ദര്‍ശിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് പോകാനിരിക്കെയാണ് വാങ് യീ ഇന്ത്യയില്‍ എത്തുന്നത്.
അതിര്‍ത്തി തര്‍ക്കത്തിലെ വിഷയങ്ങളാകും പ്രധാന അജണ്ടയെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ ഒരുപോലെ നേരിടുന്ന രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് വലിയ രാഷ്ട്രീയ പ്രധാന്യമാണുള്ളത്.