ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ നിന്ന് വിട്ട് നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. ഇദ്ദേഹത്തിന്റെ ഈ അസാന്നിധ്യം ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ ചൈനയിലെ ആഭ്യന്തര രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുകയാണ്. 12 വർഷത്തിനിടെ ഇതാദ്യമായാണ് വളർന്നുവരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളുടെ വാർഷിക സമ്മേളനത്തിൽ നിന്ന് ചൈനീസ് നേതാവ് വിട്ടുനിൽക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം രാഷ്ട്രീയ നിരീക്ഷകനായ ഗോർഡൻ ചാങ്, ഷി ജിൻപിങ്ങിന്റെ അസാന്നിധ്യം ചൈനയുടെ രാഷ്ട്രീയ മേഖലയിലെ കൂടുതൽ പ്രശ്നങ്ങളെ പ്രതിഫലിപ്പിച്ചേക്കാമെന്ന് പറഞ്ഞു. ചൈനയുടെ തലസ്ഥാനത്ത് ഷി ജിൻപിംഗിന് സ്വാധീനം നഷ്ടപ്പെടുന്നു എന്നതിന്റെ മറ്റൊരു സൂചനയാണിത് എന്നും ചാങ് എക്സിൽ കുറിച്ചു. ഷിയുടെ സ്ഥാനത്ത്, ചൈനീസ് പ്രീമിയർ ലി ക്വിയാങ് ആകും പ്രതിനിധി സംഘത്തെ നയിക്കുക, ആഗോളതലത്തിൽ ചൈനീസ് പ്രസിഡന്റ് തന്റെ സാന്നിധ്യം പരിമിതപ്പെടുത്തുന്ന സമീപകാല രീതി തുടരും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് .